അഹമ്മദാബാദ്: ഗുജറാത്തില്‍ ഫെറ്റ് ചുഴലിക്കാറ്റ് വീശാനിടയുണ്ടെന്ന കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്കി. രക്ഷാപ്രവര്‍ത്തകര്‍ നഗരത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ബുധനാഴ്ച കനത്ത മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയത്. ഒമാന്‍ തീരത്തിനടുത്ത് രൂപം കൊണ്ട ഫെറ്റ് വെള്ളിയാഴ്ച ഗുജറാത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് കച്ച് ജില്ലയിലെ കട്ല, ടുണ പ്രദേശങ്ങളില്‍ നിന്നായി 8,000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജനാഘഢ്, പോര്‍ബന്തര്‍, ജാംനഗര്‍ എന്നിവിടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.മുഴുവന്‍ മന്ത്രിമാരുടേയും ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറിമാരുടേയും കാലാവസ്ഥ പ്രവചന വകുപ്പിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തി. കാറ്റിനൊപ്പം ശക്തമായ ഇടിയും മിന്നലും കനത്ത മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സൗരാഷ്ട്ര, സൂറത്ത്, ജാംനഗര്‍, അംറേലി, ഭാവ്നഗര്‍, പോര്‍ബന്തര്‍, വല്‍സാദ്, മെഹ്സാന, കച്ച് മേഖലകളില്‍ കനത്ത മഴ പെയ്തിരുന്നു.ഫെറ്റ് ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തുനിന്ന് പാകിസ്താന് തിരത്തേക്ക് കടക്കുമെന്നാണ് പ്രവചനം. ഇതിന് രണ്ടോ മൂന്നോ ദിവസമെടുക്കും. അതിനുശേഷമേ കേരളത്തില്‍ കാലവര്‍ഷം ശക്തമാവൂ. ഫെറ്റ് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കെടുത്തിയതാണ് കേരളത്തിലെ കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണം.
ഹൈദരാബാദ്: മംഗലാപുരം വിമാന അപകടത്തില്‍ മരിച്ചവരില്‍ 12 പേരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയിലും തിരിച്ചറിയാനായില്ല. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അനുമതിയോടെ മംഗലാപുരത്ത് സര്‍വമത പ്രാര്‍ത്ഥനയോടെ കൂട്ടമായി സംസ്കരിക്കാനാണ് തീരുമാനം. ഇന്നലെ വൈകിട്ടോടെയാണ് ഹൈദരാബാദിലെ ഡി.എന്‍ എ, ഫിംഗര്‍ പ്രിന്റ് ആന്‍ഡ് ഡയഗനോസ്റ്റിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു പരിശോധന ഫലം പുറത്തു വന്നത്. തിരിച്ചറിയാനുണ്ടായിരുന്ന മൃതദേഹങ്ങളില്‍ നിന്നുള്ള സാംപിളുകളും ബന്ധുക്കളുടെ രക്ത സാംപിളുകളും തമ്മില്‍ ഒത്തു ചേരുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. തിരിച്ചറിയാത്ത പന്ത്രണ്ട് മൃതദേഹങ്ങളില്‍ നാലെണ്ണം മലയാളികളുടേതാണ്. ഇവ ബന്ധുക്കളുടെ അനുമതിയോടെ കൂട്ടത്തോടെ സംസ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തിന് സമീപമുണ്ടായ വെടിവെയ്പ് യഥാര്‍ഥത്തില്‍ രവിശങ്കറിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പറയാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി പി.ചിദംബരം. ശ്രീ ശ്രീ രവിശങ്കറും അദ്ദേഹത്തിന്റെ അകമ്പടി വാഹനവും കടന്നുപോയി അഞ്ച് മിനിറ്റിന് ശേഷമാണ് വെടിവെയ്പുണ്ടായത്. രവിശങ്കറിന്റെ രണ്ട് അനുയായികള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് ഇതുവരെ ലഭിച്ച സൂചനയെന്ന് ചിദംബരം വ്യക്തമാക്കി. കര്‍ണാട ഡി.ജി.പിയും ശ്രീ ശ്രീ രവിശങ്കറായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ടു. ഇത് ഏതെങ്കിലും വ്യക്തിയെ ലക്ഷ്യമിട്ടാണോ എന്ന് പോലും ഇപ്പോള്‍ പറയാനാകില്ലെന്ന് ഡി.ജി.പി അജയ്കുമാര്‍ സിങ് പറഞ്ഞു. കനക്പുരയിലെ രവിശങ്കറിന്റെ ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രവിശങ്കറും അനുയായികളും സംഭവസ്ഥലത്ത് നിന്ന് പുറപ്പെട്ട് അഞ്ച് മിനിറ്റിന് ശേഷമാണ് വെടിവെയ്പ് നടന്നതെന്നും അദ്ദേഹവും പറഞ്ഞു.
ബാംഗ്ലൂര്‍: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബാംഗ്ലൂര്‍ കനകപുര റോഡിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തിന്റെ പരിസരത്തുവെച്ചാണ് അജ്ഞാതന്‍ അദ്ദേഹത്തിനുനേരെ വെടിയുതിര്‍ത്തത്. ഒരു അനുയായിക്ക് വെടിയേറ്റു. ശ്രീശ്രീ രവിശങ്കര്‍ സുരക്ഷിതനാണ്. ഞായറാഴ്ച രാത്രി ഏഴ് മണിക്ക് പതിവ് സത്സംഗം പൂര്‍ത്തിയാക്കി വേദിയില്‍ നിന്നിറങ്ങി കാറില്‍ കയറിയപ്പോഴാണ് അദ്ദേഹത്തിനുേരെ അനുയായികള്‍ക്കിടയില്‍നിന്ന് ഒരാള്‍ അപ്രതീക്ഷിതമായി വെടിവെച്ചത്. ഇതിനോടകംതന്നെ ശ്രീശ്രീ രവിശങ്കര്‍ കാറില്‍ കയറിക്കഴിഞ്ഞിരുന്നതിനാല് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
കാന്‍സര്‍ ബാധിച്ച കുട്ടികളെ രക്ഷിക്കാനായി സച്ചിന്റെ അഭ്യര്‍ത്ഥന. രണ്ടാഴ്ചക്കുളളില്‍ സംഭാവനയായി ലഭിച്ചത് ഏകദേശം ഒന്നേകാല്‍ കോടി രൂപ. ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റായ ട്വിറ്ററിലാണ് സച്ചിന് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ക്രൂസേഡ് എഗനിസ്റ്റ് കാന്‍സര്‍ ഫൗണ്ടേഷന് എന്ന സംഘടനയുടെ പ്രവര്ത്തനത്തിനുവേണ്ടിയാണു സച്ചിന് സഹായാഭ്യര്‍ഥന നടത്തിയത്. സച്ചിന്‍സ് ക്രൂസേഡ് എഗനിസ്റ്റ് കാന്‍സര്‍ ഇന്‍ ചില്‍ഡ്രന്‍ എന്ന പദ്ധതിയ്ക്കുവേണ്ടി ലഭിച്ച തുക കാന്‍സര്‍ രോഗികളായ കുട്ടികളുടെ ചികില്‍സയ്ക്കുവേണ്ടിയാണ് ചെലവഴിക്കുന്നത്. നൂറും ഇരുനൂറും രൂപമുതല്‍ ലക്ഷങ്ങള്‍വരെ സംഭാവന ചെയ്തവരുണ്ട്. കാന്‍സര്‍ രോഗികളായ കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമായി സംഭാവനയിലൂടെ എനിക്കൊപ്പം ചേര്‍ന്ന എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നല്കിയ സംഭാവനയാണ് ഇത്.- സച്ചിന് പറഞ്ഞു.
ബാംഗ്ലൂര്‍: എ.ടി.എം. കൗണ്ടറുകള്‍ കുത്തിത്തുറന്ന് പണം അപഹരിക്കുന്നതെല്ലാം പഴയ ഫാഷന്‍. ബാംഗ്ലൂരിലെ ഒരു എ.ടി.എം. കൗണ്ടര്‍ കുത്തിത്തുറക്കുകയല്ല അത് അപ്പാടെ ഇളക്കിമാറ്റി കടന്നുകളയുകയാണ് മോഷ്ടാക്കള്‍ ചെയ്തത്. ചന്ദ്രാപുര മെയിന്‍ റോഡിലെ എച്ച്.ഡി.എഫ്.സി.യുടെ എ.ടി. എം. മെഷിനാണ് വെളിപ്പിനും 1.30നും ആറു മണിക്കും ഇടയില്‍ മോഷ്ടാക്കള്‍ കവര്‍ന്നത്. കൗണ്ടറിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ തൊട്ടടുത്ത മുറിയില്‍ കിടന്ന് ഉറക്കമായ അവസരം മുതലാക്കിയാണ് ഇവര്‍ മെഷിന് ഇളക്കിമാറ്റി മിനി ലോറിയില്‍ കയറ്റിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ ഉറക്കമുണര്‍പ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.എ.ടി.എം. മെഷിനില്‍ 16 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായി ബ്രാഞ്ച് മാനേജര്‍ കാര്ത്തികേയന് പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. ഇതില്‍ നിന്ന് എത്ര രൂപ പിന്‍വലിച്ചിട്ടുണ്ടെന്ന് അറിയില്ല. എ.ടി.എമ്മിന്റെ പ്രവര്‍ത്തനം നന്നായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നും സംഘത്തില്‍ അഞ്ചോ ആറോ പേരുണ്ടായിരിക്കുമെന്നും പോലീസ് പറഞ്ഞു. കൗണ്ടറിലെ സി.സി.ടി.വി.യുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനുശേഷമാണ് ഇവര്‍ മോഷണം നടത്തിയത്. കടപാട് :മാതൃഭൂമി
മംഗലാപുരം: ദുരന്തത്തിനിരയായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ബ്ലാക്ക്ബോക്സിന്റെ പ്രധാനഭാഗമായ ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റ റെക്കോഡര്‍ (ഡി.എഫ്.ഡി.ആര്.) കണ്ടെത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അപകടസ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൂന്നു ദിവസത്തിനു ശേഷം (ഡി.എഫ്.ഡി.ആര് കണ്ടെത്തിയത്. ബ്ലാക്ക്ബോക്സിന്റെ ഭാഗമായ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ (സി.വി.ആര്.), ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റ അക്വിസിഷന്‍ യൂണിറ്റ് (ഡി.എഫ്.ഡി.എ.യു.) എന്നിവ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഫ്ളൈറ്റ്ഡാറ്റ റെക്കോഡര്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചേക്കും.
രാമായണം എഴുന്നതിനും മുമ്പ് മഹര്‍ഷി വാത്മീകി ഒരു കൊള്ളക്കാരനായിരുന്നുവെന്ന വിശ്വാസം അടിസ്ഥാനരഹിതമാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി . ജസ്റ്റിസ് രാജീവ് ഭല്ലയാണ് വാത്മീകി പൂര്‍വ്വാശ്രമത്തില്‍ കൊള്ളക്കാരനായിരുന്നില്ലെന്ന് പറഞ്ഞത്. യാഥാര്‍ഥ്യങ്ങള്‍ പഴങ്കഥകള്ക്കിടയില് മറഞ്ഞുപോയതാണെന്നാണ് ജഡ്ജിയുടെ വാദം. പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ ഒരു റിസര്‍ച്ച് സ്കോളറുടെ ഗവേണഷഫലങ്ങള് ഉദ്ധരിച്ചുകൊണ്ടാണ് ജഡ്ജി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വാല്മീകി പൂര്‍വ്വാശ്രമത്തില്‍ ഒരു കൊള്ളക്കാരനായിരുന്നുവെന്നുള്ള രീതിയില്‍ ഒരു പരമ്പരയില്‍ കഥാപാത്രങ്ങള്‍ തമ്മിലുണ്ടായ സംസാരത്തെത്തുടര്ന്ന് നിയമക്കുരുക്കിലായ ഒരു ചാനലിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ചാനലിലെ ഒരു പരിപാടിയിലെ രണ്ടുകഥാപാത്രങ്ങള്‍ തമ്മിലുള്ള സംസാരിത്തിനിടെയാണ് വാത്മീകി കൊള്ളക്കാരനായിരുന്നുവെന്നുള്ള പരാമര്‍ശം കടന്നുവന്നത്. ഇതിനെത്തുടര്‍ന്ന് ജലന്ധറില്‍ നിന്നാണ് ചാനലിനെതിരെ നിയനടപടിയുണ്ടായത്. വാല്മീകി വിഭാഗത്തില്‍പ്പെട്ട ഒരാളാണ് 2009ല്‍ ചാനലിനെതിരെ പരാതി നല്‍കിയത്.എന്നാല്‍ ഈ പരാതി തള്ളിക്കളയണമെന്നും വാത്മീകി കൊള്ളക്കാരനാണെന്നാണ് പുരാണത്തിലുള്ളതെന്നും കാണിച്ചായിരുന്നു ചാനല്‍ ഹര്‍ജി നല്‍കിയത്. പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ വാത്മീകി ചെയര്‍ മേധാവി നടത്തിയ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് കോടതി വാത്മീകി ഒരു കൊള്ളക്കാരനല്ലായിരുന്നുവെന്ന് നിരീക്ഷിച്ചത്. മാത്രമല്ല ചാനലിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. പുരാണകഥകളും മതപരമായ കാര്യങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധചെലുത്തണമെന്നും ജനങ്ങളുടെ വികാരത്തെ ഹനിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
മംഗലാപുരം: മംഗലാപുരം ബാജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ച് 160 പേര് മരിച്ചതായി സൂചന.163 യാത്രക്കാരും ആറ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 15 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. നാലു കുട്ടികളും വിമാനത്തിലുണ്ടായിരുന്നു. ഒരു കുട്ടിയടക്കം ഏഴു പേരെ രക്ഷപ്പെടുത്തി. ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം രാവിലെ 6.10 ഓടെ റണ്‍വെയില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം. ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍ നിന്ന് വിമാനം പുറത്തേക്ക് പോയതാണ് അപകടകാരണമെന്ന് കരുതുന്നു.യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളാണന്നാണ് കരുതുന്നത്. 160 പേര് മരിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. മംഗലാപുരം പട്ടണത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ബാജ്പെ എന്ന സ്ഥലത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. പട്ടണത്തില്‍ നിന്നും അകലെയായതുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്ത് എത്താന്‍ താമസം നേരിട്ടതായാണ് റിപ്പോര്‍ട്ട്. 2006 മുതലാണ് ഇവിടെ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. ഇപ്പോള്‍ ദുബായ്ക്ക് പുറമെ അബുദാബി, മസ്ക്കറ്റ്, ദോഹ, ബഹ്റിന്, കുവൈറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കും സര്‍വീസുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന കാസര്‍കോഡ്, കണ്ണൂര്‍ ജില്ലക്കാരാണ് മംഗലാപുരം വിമാനത്താവളത്തിലെ പ്രധാന യാത്രക്കാര്‍. ബോയിങ് 737- 800 ഐ.എക്സ് 892 വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് എയര്‍ഇന്ത്യ ഡല്‍ഹി വിമാനത്താവളത്തില്‍ ഹെല്‍പ്പ് ലൈന്‍ സെന്റര്‍ തുറന്നു. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 011 2565 6196 011 2565 6196 , 011 2560 3101 011 2560 3101 മംഗലാപുരം വിമാനത്താവളത്തിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0824 2220422
ക്രിക്കറ്റ് ലോകത്തെ ദൈവം, ലിറ്റില്‍ മാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ വേദനിക്കുന്ന പലര്‍ക്കുമിന്ന് കണ്‍കണ്ട ദൈവമാണ്, അല്ലെങ്കില്‍ സാന്ത്വനവുമായെത്തുന്ന മാലാഖയാണ്. തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നിരവധി തവണ തോളിലേറ്റിയ സച്ചിന് ഇന്ന് പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ തയ്യാറായ ബാറ്റിംഗ് ഇതിഹാസം സച്ചിന് തന്റെ സുഹൃത്തിനെ സഹായിച്ചും മാധ്യമ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്.സച്ചിന് തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത തന്നെ മാധ്യമ ലോകമറിയുന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റ് മാസങ്ങളായി ബെഡില്‍ കിടക്കുകയായിരുന്ന കളിക്കൂട്ടുകാരന് വേണ്ടി സച്ചിന് ഇങ്ങനെ ട്വീറ്റ് ചെയ്തു, ‘എന്റെ സുഹൃത്ത് ദില്ബിറിന്റെ ശസ്ത്രക്രിയ വിജയകരമായതില്‍ അതിയായ സന്തോഷമുണ്ട്, എനിക്ക് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനും അദ്ദേഹത്തോട് “ഹലോ“ പറയാനും കഴിഞ്ഞു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ...’ഇന്ത്യയുടെ അണ്ടര്‍ പതിനേഴ് ടീമില്‍ സച്ചിനൊപ്പം കളിച്ചിരുന്ന ദില്‍ബീര്‍ സിംഗ് ഗില്ലിനാണ് മാസ്റ്റര്ബ്ലാസ്റ്ററിന്റെ കാരുണ്യം ലഭിച്ചത്. റോഡപകടത്തില്‍ മാരകമായി പരുക്കേറ്റ് കിടപ്പിലായിരുന്ന ദില്‍ബീറിന്റെ വിശേഷങ്ങളും രോഗവിവരങ്ങളും അന്വേഷിക്കാന്‍ എന്നും സച്ചിനെത്തിയിരുന്നു. 2002ല്‍ ദില്‍ബീര്‍ സഞ്ചരിച്ച ബൈക്ക് ടാങ്കര്‍ ലോറിയിലിടിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ ദില്‍ബീര്‍ ആറു മാസത്തോളം കോമയിലായിരുന്നു.പിന്നീട് ഇടുപ്പെല്ല് മാറ്റിവെച്ചാണ് ദില്‍ബീര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അഹമ്മദാബാദിലെ ആശുപത്രിയിലാണ് ദില്‍ബീറിന്റെ ശസ്ത്രക്രിയ നടന്നത്. ദില്‍ബീറിന്റെ എല്ലാ ചെലവുകളും വഹിക്കാനും ആശ്വാസ വാക്കുകള്‍ നല്‍കാനും സച്ചിന് കൂടെയുണ്ടായിരുന്നു. കളിക്കൂട്ടുകാരന്റെ ശസ്ത്രക്രിയയ്ക്ക് ആറു ലക്ഷത്തോളം ചെലവ് വരുമെന്ന് കാണിച്ച് ദില്‍ബീറിന്റെ അമ്മ സുഖ്ദയാല് കൌര്‍ സച്ചിന് കത്തയക്കുകയായിരുന്നു. കത്ത് കിട്ടിയ ഉടന്‍ സച്ചിന് സുഹൃത്തുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ഉറപ്പുനല്‍കുകയായിരുന്നു. സച്ചിനോടും ഭാര്യ അഞ്ജലിയോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും ദൈവം അവരെ രക്ഷിക്കട്ടെയെന്നും ദില്‍ബീറിന്റെ സഹോദരി സുഖ്ബീര്‍ കൌര്‍ പറഞ്ഞു. ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്ന തന്റെ പഴയ കളിക്കൂട്ടുകാരനെ കണ്ടപ്പോള്‍ ദില്‍ബീറിന്റെ കണ്ണുകള്‍ നിറഞ്ഞു.കളിക്കളത്തിലെ പ്രകടനങ്ങള്‍കൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും മറ്റുള്ളവര്‍ക്ക് മാതൃകയായ സൂപ്പര്‍താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററിലും പുതിയ മാതൃക സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ്. ട്വിറ്ററിലെ സെലിബ്രിറ്റികളെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊന്നും ട്വീറ്റ് ചെയ്യാത്ത സച്ചിന് ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് സംഭാവന ചെയ്യണമെന്ന് ആരാധകരോട് ട്വീറ്റ് ചെയ്തപ്പോള്‍ ഒറ്റ ദിവസം കൊണ്ട് സമാഹരിക്കാനായത് 67 ലക്ഷം രൂപയായിരുന്നു.
ഒടുവില്‍ കെ മുരളീധരന്റെ പരിശ്രമത്തിന് ഫലംമുണ്ടാകുന്നുവെന്ന് സൂചന, നിരന്തരമായ അപേക്ഷകള്‍ക്കും ഏറ്റുപറച്ചിലുകള്ക്കുമൊടുവില് കോണ്‍ഗ്രസിന്റെ കവാടം മുരളിയ്ക്ക് മുന്നില്‍ തുറക്കുന്നു.മുരളിയെ തിരിച്ചെടുക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് സൂചനകള്‍. കേന്ദ്രനേതൃത്വത്തിലേയ്ക്കായിരിക്കും മുരളിയെ ക്ഷണിക്കുന്നതെന്നാണ് അറിയുന്നത്.സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചില സാങ്കേതിക തടസങ്ങള്‍ ഉള്ളതിനാലാണ് അദ്ദേഹത്തെ കേന്ദ്രനേതൃത്വത്തിലേക്ക് ക്ഷണിക്കുന്നത് എന്നാണ് സൂചന. ഐഐസിസി ജനറല്‍ സെക്രട്ടറിയായാരിക്കും തിരിച്ചെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മെയ് മാസം 31ന് മുരളീധരന് എ ഐ സി സി നേതാക്കളെ കാണാന്‍ ദില്ലിയ്ക്ക് പോകുന്നുണ്ട്. എ ഐ സി സി സെക്രട്ടറി മൊഹ്സിന കിദ്വായി, എ കെ ആന്റണി തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യും. ഇതിന്റെ തുടര്‍ച്ച ആയിട്ടായിരിക്കും മുരളിയുടെ കോണ്‍ഗ്രസ് പ്രവേശനമുണ്ടാവുക.സംസ്ഥാനത്ത് കെ പി സി സി നേതൃത്വം ആണ് പ്രധാനമായും മുരളിയുടെ കോണ്‍ഗ്രസ് പ്രവേശത്തിന് തടസം നില്‍ക്കുന്നതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മുരളിയെ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിലേക്ക് ഉയര്‍ത്തി പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ എ ഐ സി സി ഒരുങ്ങുന്നത്.കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ശേഷം കെ.കരുണാകരന്റെ ഏറ്റവും വലിയ പരിശ്രമം മുരളിയെ തിരികെയെത്തിയ്ക്കാന്‍ വേണ്ടിയായിരുന്നു. ഇതിനായി അദ്ദേഹം ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.ഇതിനിടെ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ മുരളീധരന് പിതാവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (യുഐഡി) പദ്ധതിയുടെ ഭാഗമായി പൗരന്മാരുടെ പത്തു വിരലുകളുടെയും കൃഷ്ണമണിയുടെയും അടയാളങ്ങള്‍ രേഖപ്പെടുത്തും. പേര്, വയസ്സ്, ലിംഗം എന്നീ വിവരങ്ങള്‍ക്ക് പുറമെയാണിത്. മന്ത്രിസഭാ ഉപസമിതിയാണ് ഇതിന് അനുമതി നല്‍കിയത്. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയുടെ കരടു നിയമം ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കുമെന്ന് തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയുടെ ചെയര്മാന് നന്ദന് നിലേകനി അറിയിച്ചു. നൂറു കോടിയില്‍ പരം ജനങ്ങളുടെ ജീവശാസ്ത്രപരവും ജനസംഖ്യാപരവുമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട ഏജന്‍സികളുടെ സഹായം തേടാനും തീരുമാനമായി. ജനങ്ങളുമായി ദിനംപ്രതി ബന്ധപ്പെടുന്ന ഗ്രാമനഗരവികസനം പോലുള്ള വകുപ്പുകളുടെ സഹായത്തോടെയാവും വിവര ശേഖരണ രജിസ്റ്റര്തയ്യാറാക്കുക. അഞ്ചു മുതല്‍ 15 വരെ വയസ്സുള്ള കുട്ടികളുടെ കൃഷ്ണമണിയും രേഖപ്പെടുത്തും. 2010 ആഗസ്തിനും 2011 ഫിബ്രവരിക്കുമിടയ്ക്ക് ആദ്യത്തെ 12 അക്കങ്ങളുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. .തുടര്‍ന്ന് 600 ദശലക്ഷം പേര്‍ക്ക് കാര്‍ഡ് നല്കുന്ന പ്രക്രിയകള്‍ ആരംഭിയ്ക്കും.
രാജ്യത്ത് ആദ്യമായി ഇ-വോട്ടിംഗ് അവതരിപ്പിക്കാന്‍ ഗുജറാത്ത് തയ്യാറെടുക്കുന്നു. അടുത്ത പഞ്ചായത്ത്-മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് പൊതുജനങ്ങള്‍ക്ക് ഇ-വോട്ടിംഗിലൂടെ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള അവസരമൊരുക്കുന്ന തിരക്കിലാണ് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും. രാജ്യത്ത് ആദ്യമായാണ് ഒരു ഔദ്യോഗിക തെരഞ്ഞെടുപ്പില്‍ ഓണ്‍-ലൈന്‍ വോട്ടിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്. ഒക്ടോബര്‍ പകുതിയോടെ നടക്കാനിരിക്കുന്ന അഹമ്മദാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലായിരിക്കും ആദ്യമായി ഓണ്‍-ലൈന്‍ വോട്ട് രേഖപ്പെടുത്താനുള്ള ഭാഗ്യം പൊതുജനങ്ങള്‍ക്ക് ലഭിക്കുക. അഹമ്മദാബാദിനു ശേഷം, രാജ്കോട്ട്, വഡോദര, സൂററ്റ്, ഭവ് നഗര്‍, ജാം നഗര്‍ എന്നിവടങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും ഇ-വോട്ടിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. ഇ-വോട്ടിംഗിനെ കുറിച്ച് ആക്ഷേപമുള്ളവര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് നഗരവികസന സമിതി വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. ഇ-വോട്ടിംഗിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെസി കപൂറിന്റെ നേതൃത്വത്തില്‍ ഒരു ദൌത്യസംഘം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് റിപ്പോര്‍ട്ട് : ജിനോ മാത്യു .
മുംബൈ: സച്ചിന് വ്യത്യസ്തനാണ് ക്രിക്കറ്റ് കളിയുടെ കാര്യത്തിലെന്നപോലെതന്നെ പലതിലും സച്ചിന് ടെണ്ടുല്‍ക്കര്‍ വ്യത്യസ്തനാണ്. ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയപ്പോഴും സച്ചിന് എന്തെങ്കിലുമൊരു പുതുമ ഇതിലൂടെ ചെയ്യുമെന്ന് എല്ലാവരും പറയുകയുംചെയ്തിരുന്നു. സച്ചിന് എന്തിന് ട്വിറ്ററില്‍ വന്നുവെന്ന് ആ സമയത്ത് ചര്‍ച്ചകളും നടന്നു.ഇതിന്റെ പൊരുളറിയാന്‍ ഇനിയധികം കാത്തിരിക്കേണ്ട, സച്ചിന് ട്വിറ്ററിലും മായാജാലം കാണിച്ചുതുടങ്ങി. കളിക്കളത്തിലെന്നപോലെ ട്വിറ്ററിലും ആരാധകര്‍ക്ക് സച്ചിനെ മാതൃകയാക്കാം. പലരും തൊട്ടതിനും പിടിച്ചതിനുമൊക്കെ ട്വീറ്റ് ചെയ്യുകയും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നതുപോലെയല്ല സച്ചിന്റെ ട്വീറ്റുകള്‍. കഴിഞ്ഞ ദിവസം ഒരൊറ്റ ട്വീറ്റുകൊണ്ട് സച്ചിന് നേടിയത് എത്രയാണെന്നല്ലേ 67 ലക്ഷം രൂപ. ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് സംഭാവന ചെയ്യണമെന്ന് സച്ചിന് ആരാധകരോട് ട്വിറ്റിലൂടെ ആഹ്വാനം ചെയ്തു. വെറും ഒറ്റ ദിവസം കൊണ്ട് വന്നുചേര്‍ന്നത് 67ലക്ഷം രൂപ. 100 രൂപ മുതല്‍ ലക്ഷം രൂപ വരെ സംഭാവന ചെയ്തവര്‍ ഇക്കൂട്ടത്തിലുണ്ട്. ഒരു കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സച്ചിന് ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടത്. ഒരോവര്‍ഷവും ക്യാന്‍സര്‍ ബാധിച്ച 20 കുട്ടികളുടെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ വീതം നീക്കിവെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.ക്യാന്‍സര്‍ സര്‍ജനായ ഡോക്ടര്‍ ജഗനാഥുമായി ചേര്‍ന്നാണ് സച്ചിനും ഭാര്യയും ഡോക്ടറുമായ അഞ്ജലിയും ചേര്‍ന്ന് ഫണ്ട് സ്വരൂപണത്തിന് നേതൃത്വം നല്‍കുന്നത്. https://www.indiacancer.org/invite.php എന്ന വെസ്ബ്സൈറ്റിലൂടെ ആരാധകര്‍ക്ക് സംഭാവനകള്‍ അയക്കാം.50000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് ഈ മാസം 27ന് മുംബൈ യില്‍ സച്ചിന്റെ കൂടെ അത്താഴവിരുന്നില്‍ പങ്കെടുക്കാം. 2000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് സച്ചിന് ഒപ്പിട്ട സര്‍ട്ടിഫിക്കറ്റും 5000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്റെ കൈയൊപ്പോടു കൂടിയ ബാറ്റിന്റെ മാതൃകയും 15000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന് ഒപ്പിട്ട മെമന്റോയും 25000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്റെ ചിത്രവും സച്ചിന് ഒപ്പിട്ട ബാറ്റും ലഭിക്കും.75000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് രണ്ട് പേര്‍ക്ക് സച്ചിന്റെയൊപ്പം അത്താഴവും 1,00,000 ലക്ഷം സംഭാവന ചെയ്യുമ്പോള്‍ കുടുംബത്തിലെ മൂന്നു പേര്‍ക്ക് സച്ചിന്റെ ഒപ്പം അത്താഴവും സച്ചിന് ഒപ്പിട്ട അഡിഡാസ് ബാറ്റും ലഭിക്കും. എന്തായാലും സച്ചിന് തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് വിനിയോഗിക്കുന്ന വിധം നമ്മുടെ മറ്റ് ട്വിറ്റര്‍ സെലിബ്രിട്ടികള്ക്കും പിന്തുടരാവുന്നതാണ്.