പതിമൂന്നുവര്‍ഷത്തിനിടെ ലോകമാകമാനമുണ്ടായ വിമാനാപകടങ്ങളില്‍ പൊലിഞ്ഞത് ആറായിരം ജീവന്‍. നാലായിരത്തോളം വിമാനാപകടങ്ങളാണ് ഒന്നരപതിറ്റാണ്ടിനിടെ ഉണ്ടായത്. 1998 നും 2007 നും ഇടയില്‍ 364 വിമാനാപകടങ്ങളില്‍ 5147 പേര്‍ മരിച്ചതായി അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനിയായ ബോയിംഗ് 2007 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.286 യാത്രാവിമാനങ്ങളും 70 ചരക്കുവിമാനങ്ങളും അപകടത്തില്‍പ്പെട്ടു. ഇതില്‍ 78 എണ്ണം വന്‍ദുരന്തങ്ങളായിരുന്നു. ഇന്നലെയുണ്ടായ വിമാനദുരന്തമടക്കം 2008നുശേഷം 40 വിമാനാപകടങ്ങളുണ്ടായി. അപകടങ്ങളില്‍ ആയിരത്തോളം പേര്‍ക്കു ജീവന്‍ നഷ്‌ടപ്പെട്ടു. ഈ മാസം 12 ന് ജോഹന്നാസ്‌ബര്‍ഗില്‍നിന്നു വരികയായിരുന്ന അഫ്രികിയാ എയര്‍വേസ് വിമാനം ലിബിയയുടെ തലസ്‌ഥാനമായ ട്രിപ്പോളിയില്‍ തകര്‍ന്നുവീണ് 103 പേര്‍ മരിച്ചിരുന്നു. ഒരു മാസം മുമ്പു റഷ്യയില്‍ വിമാനം തകര്‍ന്നുവീണു പോളണ്ട് പ്രസിഡന്റടക്കം 92 പേര്‍ മരിച്ചിരുന്നു
