Home » » 'ഫെറ്റ്' ഭീഷണി; ഗുജറാത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

'ഫെറ്റ്' ഭീഷണി; ഗുജറാത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

അഹമ്മദാബാദ്: ഗുജറാത്തില്‍ ഫെറ്റ് ചുഴലിക്കാറ്റ് വീശാനിടയുണ്ടെന്ന കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തകര്‍ നഗരത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ബുധനാഴ്ച കനത്ത മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയത്. ഒമാന്‍ തീരത്തിനടുത്ത് രൂപം കൊണ്ട ഫെറ്റ് വെള്ളിയാഴ്ച ഗുജറാത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് കച്ച് ജില്ലയിലെ കട്‌ല, ടുണ പ്രദേശങ്ങളില്‍ നിന്നായി 8,000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജനാഘഢ്, പോര്‍ബന്തര്‍, ജാംനഗര്‍ എന്നിവിടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.മുഴുവന്‍ മന്ത്രിമാരുടേയും ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറിമാരുടേയും കാലാവസ്ഥ പ്രവചന വകുപ്പിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തി. കാറ്റിനൊപ്പം ശക്തമായ ഇടിയും മിന്നലും കനത്ത മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സൗരാഷ്ട്ര, സൂറത്ത്, ജാംനഗര്‍, അംറേലി, ഭാവ്‌നഗര്‍, പോര്‍ബന്തര്‍, വല്‍സാദ്, മെഹ്‌സാന, കച്ച് മേഖലകളില്‍ കനത്ത മഴ പെയ്തിരുന്നു.ഫെറ്റ് ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തുനിന്ന് പാകിസ്താന്‍ തിരത്തേക്ക് കടക്കുമെന്നാണ് പ്രവചനം. ഇതിന് രണ്ടോ മൂന്നോ ദിവസമെടുക്കും. അതിനുശേഷമേ കേരളത്തില്‍ കാലവര്‍ഷം ശക്തമാവൂ. ഫെറ്റ് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കെടുത്തിയതാണ് കേരളത്തിലെ കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണം.