ചെന്നൈ: മംഗലാപുരം വിമാനദുരന്തത്തിന്റെ ആഘാതം വിട്ടുമാറും മുമ്പെ മറ്റൊരു വന്‍ ആകാശദുരന്തം ഒഴിവായി. 450 യാത്രക്കാരെ വഹിച്ചുകൊണ്ട് ഡല്‍ഹിയിലേക്കുവന്ന മൂന്നു വിമാനങ്ങള്‍ അപകടത്തില്‍നിന്നു തലനാരിഴയ്‌ക്കാണു രക്ഷപെട്ടത്. മുന്നറിയിപ്പില്ലാതെ ഡല്‍ഹി വിമാനത്താവളത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഇവിടെ ഇറങ്ങേണ്ടിയിരുന്ന മൂന്നു വിമാനങ്ങളില്‍ ഇന്ധനം കുറവാകുകയും ചെയ്‌തതതാണ് ആശങ്കയ്‌ക്കിടയാക്കിയത്. ഈ വിമാനങ്ങള്‍ പിന്നീട് ജയ്‌പുരില്‍ അടിയന്തരമായി ഇറക്കിയാണു ദുരന്തം ഒഴിവാക്കിയത്. വിമാനങ്ങള്‍ ഡല്‍ഹിയില്‍ എത്തുന്നതുവരെ വിമാനത്താവളത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെപ്പറ്റി പൈലറ്റുമാര്‍ക്ക് അറിയിപ്പുകള്‍ നല്‍കിയിരുന്നില്ല.രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ ചൈനാ യാത്രയ്‌ക്കും തുര്‍ക്ക്‌മെനിസ്‌താന്‍ പ്രസിഡന്റിന്റെ ആഗ്രാ യാത്രയ്‌ക്കും വേണ്ടിയായിരുന്നു വിമാനത്താവളത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 11 വിമാനങ്ങള്‍ ജയ്‌പുര്‍, ചണ്ഡിഗഢ്, ലഖ്‌നൗ എന്നീ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഇതിനു പുറമേ 20 വിമാനങ്ങള്‍ക്ക് രാവിലെ ഒന്‍പതുമുതല്‍ ഒരുമണിക്കൂര്‍ നേരത്തേക്ക് ആകാശത്ത് വട്ടമിട്ടു പറക്കേണ്ടിയും വന്നു. ബുധനാഴ്‌ച 192 യാത്രക്കാരുമായി മുംബൈയില്‍നിന്നു ഡല്‍ഹിയിലേക്കു പറന്ന ജെറ്റ്‌ലൈറ്റ് വിമാനം ജെ.എല്‍.എല്‍. 108, 158 പേരുമായി പറന്ന മുംബൈ-ഡല്‍ഹി കിംഗ്‌ഫിഷര്‍ വിമാനം ഐ.ടി 300, 174 യാത്രക്കാരുണ്ടായിരുന്ന ചെന്നൈ -ഡല്‍ഹി ജെറ്റ് എയര്‍ വേയ്‌സ് 9 ഡഡബ്ലു 2357 എന്നീ വിമാനങ്ങളാണു ദുരന്തത്തില്‍നിന്നു രക്ഷപെട്ടത്. വിമാനങ്ങളില്‍ യഥാക്രമം മൂന്ന്, പത്ത്, പതിമൂന്ന് മിനിട്ടുകള്‍ പറക്കാനുള്ള ഇന്ധനം മാത്രമാണ് അവശേഷിച്ചിരുന്നത്. സാധാരണ മൂന്നുമിനിറ്റ് നേരത്തേക്കു മാത്രമാണു വി.ഐ.പി. ആവശ്യങ്ങള്‍ക്കായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുള്ളതെന്ന് എയര്‍പോര്‍ട്ട് അഥോറിട്ടി ഓഫ് ഇന്ത്യാ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനാലാണ് മുന്നറിയിപ്പുകള്‍ നല്‍കാതിരുന്നത്. മോശം കാലാവസ്‌ഥയെത്തുടര്‍ന്നു തുര്‍ക്ക്‌മെനിസ്‌താന്‍ പ്രസിഡന്റിന്റെ വിമാനത്തിനു പറന്നുയരാന്‍ കഴിയാഞ്ഞതാണു നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ഇടയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.
Home » ദേശീയം » ആകാശദുരന്തം ഒഴിവായി; 3 വിമാനങ്ങള്‍ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്
ആകാശദുരന്തം ഒഴിവായി; 3 വിമാനങ്ങള്‍ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്
Posted by aussievartha on 08:53 //
