Home » » വധുക്കളെ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തൂ!!

വധുക്കളെ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തൂ!!

ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഇന്ത്യന്‍ വംശജരും പാക് വംശജരുമായ പുരുഷന്മാര്‍ വിവാഹം ചെയ്യാനായി സ്വന്തം രാജ്യങ്ങളില്‍ നിന്നും സ്ത്രീകളെ കൊണ്ടുവരുന്നത് നിര്‍ത്തണമെന്ന് നിര്‍ദ്ദേശം. ഗ്ലാസ്‌ഗോയില്‍ ഒരു ഫാമിലി കൗണ്‍സിലിങ് സെന്റര്‍ നടത്തുന്ന ഷെയ്ഖ് ജമീല്‍ എന്ന പുരോഹിതനാണ് ഭാര്യമാരാക്കാന്‍ സ്വന്തം നാട്ടില്‍ നിന്നും സ്ത്രീകളെ ഇറക്കുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ജനിച്ചുവളരുന്ന പാക് ഇന്ത്യന്‍ യുവാക്കള്‍ വിവാഹപ്രായമാകുമ്പോള്‍ വധുവിനെത്തേടി ഇന്ത്യയിലും പാകിസ്ഥാനിലും പോവുകയാണ് പതിവ്. കൂടുതല്‍ സംസ്‌കാരസമ്പന്നരും അടക്കവും ഒതുക്കവുമുള്ളവരുമായിരിക്കും സ്വന്തം നാട്ടിലെ പെണ്‍കുട്ടികള്‍ എന്നതാണ് യുവാക്കളും വീട്ടുകാരും ഇതിന് കാരണമായി പറയുന്നത്. പാശ്ചാത്യരാജ്യത്ത് ജനിച്ചുവളര്‍ന്ന പെണ്‍കുട്ടികളെ ഭാര്യയായി വേണ്ട എന്നതാണ് ഇവരുടെ സമീപനം. എന്നാല്‍ ഇതുമൂലം ലണ്ടനിലും മറ്റും ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ പാക് പെണ്‍കുട്ടികള്‍ക്ക് ഏഷ്യന്‍ യുവാക്കളെ ആരെയും ഭര്‍ത്താവായി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇംഗ്ലണ്ടിലേക്ക് വിവാഹം കഴിച്ചെത്തുന്ന ഇന്ത്യന്‍ പാക് പെണ്‍കുട്ടികളാവട്ടെ, പാശ്ചാത്യ സംസ്‌കാരം ഉള്‍ക്കൊള്ളാനാവാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇംഗ്ലീഷ് അറിയാതെ, ഇംഗ്ലണ്ടിലെ സംസ്‌കാരം അറിയാതെ അവര്‍ വര്‍ഷങ്ങളോളം ഒറ്റപ്പെട്ടജീവിതം നയിക്കേണ്ടിവരുന്നു-ഷെയ്ഖ് ജമില്‍ ഒരു ലേഖനത്തില്‍ പറയുന്നു.ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ഇന്ത്യന്‍ പാക് മുസ്ലീം യുവാക്കള്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ പാക് പെണ്‍കുട്ടികളെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് ഷെയ്ഖ് ഓര്‍മ്മിപ്പിക്കുന്നു.അടുത്തകാലത്ത് തന്റെയടുത്ത് ഇംഗ്ലണ്ടില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ പാക് പെണ്‍കുട്ടികള്‍ വിവാഹപ്രായമായിട്ടും വരന്മാരെ ലഭിക്കാതെ ദുഃഖിതരായി ചികിത്‌സയ്‌ക്കെത്തുന്നുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. അതുകൊണ്ട്, ഇംഗ്ലണ്ടില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടികളെത്തന്നെ വിവാഹം കഴിക്കുക. പങ്കാളികള്‍ക്കു രണ്ടുപേര്‍ക്കും ഇംഗ്ലീഷും ഇംഗ്ലീഷ് സംസ്‌കാരവും അറിയാവുന്നതുകൊണ്ട് കുട്ടികളെ വളര്‍ത്താനും എളുപ്പമാണെന്ന് ഇദ്ദേഹം പറയുന്നു.