Home » » പി.സി ചാക്കോ പറഞ്ഞത് ശരി : ഉമ്മന്‍ചാണ്ടി

പി.സി ചാക്കോ പറഞ്ഞത് ശരി : ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പി.സി. ചാക്കോ പറഞ്ഞത് ശരിയാണെന്നും എന്നാല്‍ മാധ്യമങ്ങള്‍ അത് തെറ്റായ രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല തെറ്റായി ഒന്നും ചെയ്തിട്ടില്ല. പ്രസിഡന്റായി ഇപ്പോഴും തുടരുന്നത് ചെന്നിത്തല തന്നെ. പുതിയപ്രസിഡന്റ് വരുന്നത് വരെ അദ്ദേഹത്തിന് എല്ലാ അധികാരങ്ങളും ഉണ്ടാകും. സംഘടനാതിരഞ്ഞെടുപ്പിനിടെ പരസ്യവിവാദങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ പറയാന്‍ റിട്ടേണിങ് ഓഫീസര്‍ക്കേ അധികാരമുള്ളൂ എന്ന് പി.സി. ചാക്കോ പറഞ്ഞതില്‍ തെറ്റില്ല. എന്നാല്‍ ഇത് ശരിയായ രീതിയിലല്ല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പി.സി. ചാക്കോയെ എതിര്‍ക്കുന്ന രീതിയില്‍ ഉമ്മന്‍ചാണ്ടി ഒന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി. പി.സി. ചാക്കോയെ പിന്തുണച്ച് നേരത്തെ എ.ഐ.സി.സി. അംഗം കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ പ്രസ്താവിച്ചിരുന്നു. നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് നടന്നാല്‍ ചെന്നിത്തല പ്രസിഡന്റാകില്ലെന്നാണ് ടി.എച്ച് മുസ്തഫ ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.