Home » » അമ്പത്തെട്ടാം വയസില്‍ സിസിലി അമ്മയായി

അമ്പത്തെട്ടാം വയസില്‍ സിസിലി അമ്മയായി

മൂവാറ്റുപുഴ: അമ്പത്തെട്ടാം വയസില്‍ അമ്മയാകാനുളള ഭാഗ്യം ലഭിച്ച ആഹ്‌ളാദത്തിലാണ്‌ സിസിലി. മൂവാറ്റുപുഴ സെന്റ്‌ ജോര്‍ജ്‌ ആശുപത്രിയില്‍ തിങ്കളാഴ്‌ചയാണ്‌ ടെസ്‌റ്റ് ട്യൂബ്‌ ചികിത്സാരീതിയിലൂടെ സിസിലി ഒരു ആണ്‍കുഞ്ഞിനു ജന്മംനല്‍കിയത്‌. ഈ പ്രായത്തില്‍ അമ്മയാകുന്നത്‌ അത്യപൂര്‍വമാണെന്നും കേരളത്തില്‍ ഇതിനുമുമ്പ്‌ ഇത്തരം കേസുകള്‍ രണ്ടെണ്ണമേ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളൂവെന്നും ചികിത്സയ്‌ക്കു നേതൃത്വം നല്‍കിയ പ്രശസ്‌ത ഗൈനക്കോളജിസ്‌റ്റ് ഡോ. സബൈന്‍ പറഞ്ഞു. 2.3 കിലോഗ്രാം തൂക്കമുളള കുഞ്ഞ്‌ സുഖമായിരിക്കുകയാണ്‌. രണ്ടു ദിവസത്തിനുശേഷം ഇവര്‍ ആശുപത്രിവിടുമെന്ന്‌ ആശുപത്രി മേധാവി ഡോ. പോള്‍ കല്ലുങ്കല്‍ പറഞ്ഞു. തൊടുപുഴ കലയന്താനി കാഞ്ഞിരപ്പാറയില്‍ ജോര്‍ജിന്റെ ഭാര്യയാണ്‌ സിസിലി. ആദ്യംപിറന്ന കുഞ്ഞിന്‌ തലച്ചോറിലുണ്ടായ അസുഖം മൂലം മൂന്നുവയസ്‌ മാത്രമേ ആയുസ്‌ ലഭിച്ചുള്ളൂ. 2008-ല്‍ തൊമ്മന്‍കുത്ത്‌ ജലപാതത്തില്‍ വീണ്‌ 16 വയസുള്ള രണ്ടാമത്തെ മകനെയും നഷ്‌ടപ്പെട്ടു. ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം തോന്നിയപ്പോള്‍ പ്രായം തളര്‍ത്തിയിരുന്നെങ്കിലും ഇവര്‍ നിശ്‌ചയദാര്‍ഢ്യത്തോടെ ഡോക്‌ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ ടെസ്‌റ്റ് ട്യൂബ്‌ സാങ്കേതികവിദ്യയിലൂടെ സിസിലി ഗര്‍ഭിണിയായത്‌. എറണാകുളം ലക്ഷ്‌മി ആശുപത്രിയിലാണ്‌ ബീജാണ്ഡങ്ങളുടെ സങ്കലനം ടെസ്‌റ്റ് ട്യൂബിലൂടെ നടത്തിയത്‌. തുടര്‍ന്നുളള ചികിത്സകളാണ്‌ സെന്റ്‌ ജോര്‍ജ്‌ ആശുപത്രിയില്‍ നടത്തിയത്‌. ശസ്‌ത്രക്രിയ വരെയുളള ചികിത്സകള്‍ക്ക്‌ എല്ലാംകൂടി ഒരുലക്ഷം രൂപയേ ചെലവു വന്നുളളൂ എന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു.
കടപാട് : മംഗളം