Home » » ഇന്ത്യയിലും മറ്റും കൂടുതല്‍ ഹിംസയെന്ന് ഇസ്രായേല്‍

ഇന്ത്യയിലും മറ്റും കൂടുതല്‍ ഹിംസയെന്ന് ഇസ്രായേല്‍

ജറൂസലം: ഇന്ത്യയിലും പാകിസ്താനിലും നടക്കുന്ന അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ കപ്പല്‍ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ എണ്ണം നിസ്സാരമാണെന്ന് ഇസ്രായേല്‍. ഇസ്രായേല്‍ നടത്തിയ നരമേധത്തിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശമുയര്‍ന്നതിനോട് പ്രതികരിക്കവേ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അവിഗ്ദോര്‍ ലിബര്‍മാനാണ് സംഭവത്തെ ലഘൂകരിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്.'കഴിഞ്ഞ ഒരു മാസം മാത്രം തായ്ലന്‍ഡ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇറാഖ്, ഇന്ത്യ എന്നിവിടങ്ങളില്‍ വ്യത്യസ്ത സംഭവങ്ങളിലായി 500ഓളം പേരാണ് കൊല്ലപ്പെട്ടത്. അപ്പോഴെല്ലാം അനങ്ങാതിരുന്ന ലോകരാഷ്ട്രങ്ങള്‍ ഇപ്പോള്‍ സ്വരക്ഷക്കായി ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെ വിമര്‍ശവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് '^ലിബര്‍മാന്‍ യു.എന്‍ സെക്രട്ടറി ബാന്‍ കി മൂണിനെ ഓര്‍മിപ്പിച്ചു.കത്തി, ലോഹം കൊണ്ടുണ്ടാക്കിയ ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് കപ്പലിലുണ്ടായിരുന്നവര്‍ തങ്ങളെ ആക്രമിച്ചപ്പോഴാണ് സ്വരക്ഷക്കായി തങ്ങള്‍ വെടിവെച്ചെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാല്‍, ഇത് വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് നിരവധി ദൃക്സാക്ഷികളാണ് രംഗത്തെത്തിയത്. ഇതാദ്യമായാണ് ഇസ്രായേല്‍ ഇന്ത്യയെ ഒരു വിവാദത്തിലേക്കു വലിച്ചിഴക്കുന്നത്. നേരത്തേ ഇസ്രായേലിന്റെ അതിക്രമത്തെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചിരുന്നു. മേഖലയില്‍ രക്തച്ചൊരിച്ചിലുണ്ടാക്കാനുദ്ദേശിച്ചുകൊണ്ട് മനഃപൂര്‍വം തങ്ങളുടെ പരമാധികാരത്തിനുനേരെ വെല്ലുവിളിയുയര്‍ത്താനുള്ള ശ്രമമാണ് നടന്നതെന്നും അതിനെ ചെറുക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്നുമാണ് ലിബര്‍മാന്‍ ബാന്‍ കി മൂണിനെ ധരിപ്പിച്ചതെന്നാണ് വിവരം.