ബാറ്ററി ഒരുതവണ ചര്‍ജ്ജുചെയ്ത് 1,000 കിലോമീറ്റര്‍ ഓടി ജപ്പാനിലെ വൈദ്യുതകാര്‍ ലോകറെക്കോര്‍ഡ് സ്ഥാപിച്ചു. മിറ ഇ.വിയാണ് അത്ഭുതം സൃഷ്ടിച്ച വൈദ്യുതകാര്‍. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ 27..5 മണിക്കൂറെടുത്താണ് മിറ 1003 കീമി ദൂരം താണ്ടിയത്. ഷിമോത്സുമ റെയ്‌സ് കോഴ്‌സിലൂടെ ആയിരുന്നു മിറയുടെ യാത്ര.
ജപ്പാനിലെ സാന്യോ നിര്‍മ്മിച്ച പ്രത്യേക ലിഥിയം അയണ്‍ ബാറ്ററിയാണ് മിറയില്‍ ഉപയോഗിച്ചിരിക്കുന്നത്. ജപ്പാന്‍ ഇലക്ട്രിക് വെഹിക്കിള്‍ ക്ലബ്ബാണ് ടെസ്റ്റ് ഡ്രൈവ് സംഘടിപ്പിച്ചത്. 1,000 കി.മി യാത്രക്കിടെ 17 പേര്‍ വൈദ്യുതകാര്‍ ഓടിച്ചു. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വൈദ്യുതകാര്‍ ഓട്ടമായി ഇതിന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ജപ്പാനിലെ വൈദ്യുത കാര്‍ ക്ലബ്.
ഒറ്റത്തവണ ബാറ്ററി ചാര്‍ജ്ജുചെയ്ത് 555.6 കിലോമീറ്റര്‍ യാത്രചെയ്ത റെക്കോര്‍ഡ് തകര്‍ത്താണ് മിറ ഇ.വി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ നവംബറിലാണ് മറ്റൊരു വൈദ്യുത കാര്‍ ക്ലബ് 555.6 കിലോമീറ്റര്‍ ദുരമോടി റെക്കോര്‍ഡ് സ്ഥാപിച്ചത്. മികച്ച വൈദ്യുത കാറുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാനിലെ വാഹന നിര്‍മ്മാതാക്കള്‍ നടത്തുന്ന കടുത്ത മത്സരത്തിന്റെ ഭാഗമാണ് ഇത്തരം പരീക്ഷണങ്ങള്‍.

