Home » » കൊറിയകള്‍ സംഘര്‍ഷത്തിലേക്ക്

കൊറിയകള്‍ സംഘര്‍ഷത്തിലേക്ക്

ഉത്തരകൊറിയയുടെ ആക്രമണത്തെ നേരിടാന്‍ സൈനികരെ സജ്ജമാക്കാന്‍ ദക്ഷിണകൊറിയയിലെ യു.എസ്. സൈനിക ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശം നല്‍കി. ദക്ഷിണ കൊറിയയിലെ സൈനിക ഉദ്യോഗസ്ഥരുമായി പരമാവധി യോജിച്ച് പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. 28,000 യു.എസ്. സൈനികരാണ് നിലവില്‍ ദക്ഷിണകൊറിയയിലുള്ളത്.ദക്ഷിണകൊറിയയുടെ പടക്കപ്പല്‍ ഉത്തരകൊറിയ 'ടോര്‍പിഡോ' ആക്രമണത്തിലൂടെ മുക്കിയതാണെന്ന അന്താരാഷ്ട്ര അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ദശകങ്ങളായി ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചത്.ഉപരോധമുള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഉത്തരകൊറിയയ്ക്ക് തക്ക ശിക്ഷ നല്‍കുമെന്ന് ദക്ഷിണ കൊറിയയും അത്തരം നീക്കമുണ്ടായാല്‍ യുദ്ധം പ്രഖ്യാപിക്കുമെന്ന് ഉത്തരകൊറിയയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ദക്ഷിണകൊറിയന്‍ സേനയ്ക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക രംഗത്തെത്തിയത്.കര, നാവിക, വ്യോമ അതിര്‍ത്തിയില്‍ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ മ്യുങ് ബാക് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയത്. വ്യാപാര-സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവെക്കാനുള്ള ദക്ഷിണകൊറിയയുടെ തീരുമാനം ഉത്തരകൊറിയയെ കടുത്ത സമ്മര്‍ദത്തിലാക്കും. ഉത്തരകൊറിയയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 13 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ദക്ഷിണ കൊറിയയാണ്. 168 കോടി ഡോളറിന്റെ വ്യാപാരമാണ് 2009-ല്‍ ഇരുകൊറിയകള്‍ക്കുമിടയില്‍ ഉണ്ടായിട്ടുള്ളത്.