Home » » കേരളാ കോണ്‍ഗ്രസ്‌ ജംബോ കമ്മിറ്റിയില്‍ 1000 പേര്‍

കേരളാ കോണ്‍ഗ്രസ്‌ ജംബോ കമ്മിറ്റിയില്‍ 1000 പേര്‍

കോട്ടയം: വളര്‍ന്നും പിളര്‍ന്നും കേരള രാഷ്‌ട്രീയത്തില്‍ ചരിത്രം സൃഷ്‌ടിച്ച കേരളാ കോണ്‍ഗ്രസ്‌ വീണ്ടും ചരിത്രത്തിലേക്ക്‌. പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സംസ്‌ഥാന കമ്മിറ്റി അംഗങ്ങളെ സൃഷ്‌ടിച്ചാണു കേരളാ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയ ചരിത്രത്തില്‍ പുതിയ സ്‌ഥാനമുറപ്പിച്ചത്‌. ആയിരത്തോളം പേരാണു പാര്‍ട്ടിയുടെ പുതിയ സംസ്‌ഥാന കമ്മിറ്റിയിലുണ്ടാകുക. ആദ്യമായാണ്‌ ഇത്രയുംപേരെ ഒരു പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയിലുള്‍പ്പെടുത്തുന്നത്‌.


മാണി ഗ്രൂപ്പിലെയും ജോസഫ്‌ ഗ്രൂപ്പിലെയും സെക്കുലര്‍ ഗ്രൂപ്പിലെയും സംസ്‌ഥാന കമ്മിറ്റി അംഗങ്ങളെ എല്ലാവരെയും പുതിയ കമ്മിറ്റിയിലും ഉള്‍പ്പെടുത്തി. "എവിടെ നോക്കിയാലും ഭാരവാഹികളെ കാണുന്നതു "കേരളാ കോണ്‍ഗ്രസിന്റെ ശക്‌തിയുടെയും വളര്‍ച്ചയുടെയും ലക്ഷണമാണെന്നാണു ജംബോ കമ്മിറ്റിയെപ്പറ്റി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി അഭിപ്രായപ്പെട്ടത്‌.



'സ്വയം ശൂന്യവത്‌കരിക്കപ്പെടുക' എന്ന പ്രതിഭാസം ഭാരവാഹികള്‍ സ്വീകരിക്കുന്നതു നന്നായിരിക്കുമെന്ന്‌ ഓര്‍മപ്പെടുത്താനും മാണി മറന്നില്ല. ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്‌ഥാനങ്ങളിലും ജംബോ കമ്മിറ്റിയായിരിക്കും ഉണ്ടാവുക. ഇരു പാര്‍ട്ടികളിലും ഈ പദവികള്‍ വഹിച്ചിരുന്നവര്‍ തുടരാനാണു തീരുമാനം. ആറുമാസം കൂടുമ്പോള്‍ സംസ്‌ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കും. പാര്‍ട്ടി ഓഫീസുകളില്‍ ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തിനാല്‍ കമ്മിറ്റി ചേരാന്‍ ഓഡിറ്റോറിയം വേണ്ടിവരും.



ചെയര്‍മാന്‍, വര്‍ക്കിംഗ്‌ ചെയര്‍മാന്‍, ഡപ്യൂട്ടി ചെയര്‍മാന്‍, വൈസ്‌ ചെയര്‍മാന്‍, ട്രഷറര്‍, കോ-ഓഡിനേറ്റര്‍മാര്‍ എന്നീ പദവികളൊഴിച്ചാല്‍ നിരവധിയാളുകള്‍ വിവിധ തസ്‌തികകളിലുണ്ട്‌. ഭാരവാഹിപ്പട്ടികയില്‍ ഇടംകണ്ടെത്തിയ കോ-ഓര്‍ഡിനേറ്റര്‍ പദവിയും കേരള രാഷ്‌ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസിനു മാത്രം അവകാശപ്പെട്ടതാണ്‌.



ലയനത്തിനു പദവി തടസമാകുമെന്ന്‌ വ്യക്‌തമായപ്പോള്‍ പുതിയ പദവി സൃഷ്‌ടിക്കുകയായിരുന്നു. അങ്ങനെയാണു കോ-ഓഡിനേറ്റര്‍ പദവി ഉണ്ടായത്‌. ജോസഫ്‌ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളായ ഈപ്പന്‍ വര്‍ഗീസ്‌, ഡോ. കെ.സി. ജോസഫ്‌, ടി.ു. കുരുവിള എന്നിവരെ ഉള്‍പ്പെടുത്താനാണു കോ-ഓര്‍ഡിനേറ്റര്‍ പദവി സൃഷ്‌ടിച്ചത്‌.

കടപ്പാട് : മംഗളം