Home » » അലക്‌സാണ്ടറെ വീഴ്ത്തി പോക്കിരി മുന്നില്‍

അലക്‌സാണ്ടറെ വീഴ്ത്തി പോക്കിരി മുന്നില്‍

മോളിവുഡിലെ പുതിയ സ്റ്റാര്‍ വാഴ്‌സില്‍ മമ്മൂട്ടി-പൃഥ്വി ടീമിന്റെ പോക്കിരി രാജ മുന്നില്‍. തകര്‍പ്പന്‍ തുടക്കം ലഭിച്ച ഈ തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രം ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം പിന്തള്ളി മുന്നോട്ടു കുതിയ്ക്കുകയാണ്. മമ്മൂട്ടി-പൃഥ്വി ടീമിന്റെ ഡൈനാമിറ്റ് കോമ്പിനേഷനില്‍ വന്നെത്തിയ ചിത്രത്തിന് മുന്നില്‍ മോഹന്‍ലാലിന്റെ അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് തീര്‍ത്തും മങ്ങിയപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ആദ്യ ദിവസങ്ങള്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചെങ്കിലും മോശം മാര്‍ക്കറ്റിങ് ചിത്രത്തിന് വിനയാവുകയായിരുന്നു. ഒരു ടിപ്പിക്കല്‍ മോഹന്‍ലാല്‍ ചിത്രത്തിന് ലഭിയ്‌ക്കേണ്ട തുടക്കമല്ല അലക്‌സാണ്ടറിന് ലഭിച്ചിരിയ്ക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ പല കേന്ദ്രങ്ങളിലും ചിത്രം ഹോള്‍ഡ് ഓവറായത് ഇതാണ് ചൂണ്ടിക്കാണിയ്ക്കുന്നത്.അതേ സമയം കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നുവിന് സാവധാനത്തിലുള്ള തുടക്കമാണ് ലഭിച്ചിരിയ്ക്കുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസിലെ അന്തിമ വിജയം ഈ ജയറാം ചിത്രത്തിന്റേതായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. സത്യന്റെ സ്ഥിരം ശൈലിയില്‍ നിന്ന് ഏറെയൊന്നും മാറാത്ത കഥ തുടരുന്നു പക്ഷേ കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. ചിത്രം ലോങ്‌റണ്ണില്‍ നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.അടിപൊളി ചിത്രമെന്ന ലേബലോടെ വമ്പന്‍ തുടക്കം ലഭിച്ചെങ്കിലും കഥയില്‍ കാമ്പില്ലാത്തത് വരുംനാളുകളില്‍ പോക്കിരി രാജയുടെ കളക്ഷനില്‍ വിള്ളല്‍ വീഴ്ത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ഇതിന് പുറമെ മോഹന്‍ലാല്‍-ശ്രീനി ടീമിന്റെ ഒരു നാള്‍ വരും അടുത്തയാഴ്ചകളില്‍ തിയറ്ററുകളിലെത്തുന്നതും പോക്കിരിയ്ക്ക് ഭീഷണിയാകും.