Home » » ആദ്യ ത്രീഡി ദിനപത്രം ജൂണ്‍ 5ന്‌

ആദ്യ ത്രീഡി ദിനപത്രം ജൂണ്‍ 5ന്‌

ലോകത്തിലെ ആദ്യത്തെ ത്രീഡി ദിനപത്രം ജൂണ്‍ 5ന്‌ പുറത്തിറങ്ങും. ബ്രിട്ടീഷ്‌ ടാബ്ലോയ്‌ഡ്‌ പത്രമായ `സണ്‍' ആണ്‌ ത്രീഡി കാഴ്‌ചകളുമായി വായനയുടെ പുതുലോകം തുറക്കുന്നത്‌. ത്രീഡി എഡിറ്റോറിയല്‍ ചിത്രങ്ങള്‍, ത്രീഡി പരസ്യങ്ങള്‍, ത്രീഡി ഫുട്‌ബോള്‍ വേള്‍ഡ്‌ കപ്പ്‌ ചാര്‍ട്ട്‌ എന്നിവ സണ്‍-ല്‍ ഉണ്ടാവും. പത്രം വായിക്കാന്‍ ത്രീഡി കണ്ണടയും ലഭിക്കും. മാധ്യമരാജാവായ റുപര്‍ട്ട്‌ മര്‍ഡോക്കിന്റെ ഉടമസ്‌ഥതയിലുള്ള പത്രമാണ്‌ സണ്‍.മര്‍ഡോക്കിന്റെ ഉടമസ്‌ഥതയിലുള്ള സ്‌കൈ സ്‌പോര്‍ട്‌സ്‌ എന്ന ചാനലിനാണ്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ സംപ്രേഷണാവകാശം ലഭിച്ചിരിക്കുന്നത്‌. ഇത്‌ ത്രീഡിയിലും ആസ്വദിക്കാവുന്ന രീതിയിലാണ്‌ സ്‌കൈസ്‌പോര്‍ട്‌സ്‌ സംവിധാനമൊരുക്കുന്നത്‌. ആദ്യ ത്രീഡി ദിനപത്രമായ സണ്‍ പുറത്തുവരുന്നത്‌ ലോകകപ്പിന്‌ ഏതാനും ദിവസം മുമ്പാണ്‌. അതുകൊണ്ടുതന്നെ ത്രീഡി ടി.വി സംപ്രേഷണത്തെപ്പറ്റി ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കുക എന്ന കച്ചവടക്കണ്ണും ത്രീഡിദിനപത്രത്തിന്റെ കാര്യത്തില്‍ ആരോപിക്കപ്പെടുന്നുണ്ട്‌. സ്‌പോര്‍ട്‌സിന്റെ കാര്യത്തിലാണ്‌ ത്രീഡി ഏറ്റവുമധികം വിറ്റഴിയുക എന്ന്‌ മര്‍ഡോക്കിനറിയാം.ത്രീഡി ടി.വികളും ലോകവ്യാപകമായി ധാരാളമായി വിറ്റഴിഞ്ഞുതുടങ്ങി. 90 കളുടെ തുടക്കത്തില്‍ `നിക്കിതാഷ' എന്ന ടി.വി നിര്‍മാണക്കമ്പനി ത്രീഡി ടി.വി വിപണിയിലെത്തിച്ചിരുന്നെങ്കിലും അത്‌ സ്വീകരിക്കപ്പെട്ടില്ല. എന്നാല്‍ ഇക്കുറി പാനാസോണിക്‌, സോണി തുടങ്ങിയ വമ്പന്‍ ടി.വി കമ്പനികളാണ്‌ ത്രീഡി ടി.വിയുമായി രംഗത്തുള്ളത്‌. അതുകൊണ്ടുതന്നെ ത്രീഡി ടി.വിയോടുള്ള ജനങ്ങളുടെ സംശയം കുറഞ്ഞുവരുന്നുണ്ട്‌.സണ്‍ ത്രീഡി ദിനപത്രത്തിന്റെ വില കമ്പനി പരസ്യപ്പെടുത്തിയിട്ടില്ല. ഏതായാലും ഇന്ന്‌ വഴിയരികില്‍ ത്രീഡി കണ്ണട വച്ചുകൊണ്ട്‌ പത്രം വായിക്കുന്നവരുടെ പുതുതലമുറ ജനിക്കാന്‍ പോവുകയാണെന്നുറപ്പ്‌.