Home » » ത്രിരാഷ്‌ട്ര ഏകദിനം: ഇന്ത്യക്ക്‌ ഏഴു വിക്കറ്റ്‌ ജയം

ത്രിരാഷ്‌ട്ര ഏകദിനം: ഇന്ത്യക്ക്‌ ഏഴു വിക്കറ്റ്‌ ജയം

ബുലവായോ: സിംബാബ്‌വേയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ഏകദിന ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക്‌ ഏഴു വിക്കറ്റ്‌ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക 242 റണ്‍സിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ രോഹിത്‌ ശര്‍മയുടെ തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറിയുടെ മികവില്‍ (പുറത്താകാതെ 101) 39 പന്തുകള്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തി. രോഹിതിനെ കൂടാതെ വിരാട്‌ കോഹ്ലി (82) അര്‍ധ സെഞ്ചുറി നേടി മികച്ച പ്രകടനം പുറത്തെടുത്തു. കോഹ്ലിയുടെ ഏഴാം അര്‍ധ സെഞ്ചുറിയാണിത്‌. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 154 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 100 പന്തുകള്‍ നേരിട്ട രോഹിത്‌ ശര്‍മ ആറു ഫോറും രണ്ട്‌ സിക്‌സറും പറത്തി. മത്സരത്തിലെ കേമനും അദ്ദേഹമാണ്‌. ക്യാപ്‌റ്റന്‍ സുരേഷ്‌ റെയ്‌ന 24 റണ്‍സെടുത്തു പുറത്താകാതെനിന്നു. റെയ്‌ന ക്യാപ്‌റ്റനായ ശേഷം ഇന്ത്യ നേടുന്ന ആദ്യ ജയമാണിത്‌. സിംബാബ്‌വേയ്‌ക്കെതിരേ നടന്ന മത്സരം തോറ്റതിനാല്‍ ഇന്ത്യക്ക്‌ ഫൈനലില്‍ കടക്കാന്‍ ഇന്നലെ ജയം അനിവാര്യമായിരുന്നു. ബൗളിംഗിന്‌ അനുകൂലമായ ഗ്രൗണ്ടില്‍ ടോസ്‌ നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റ്‌ ചെയ്യാന്‍ വിട്ടു. സിംബാബ്‌വേയ്‌ക്കെതിരേ ലക്ഷ്യം മറന്ന ബൗളര്‍മാര്‍ ഇന്നലെ മികവു പുലര്‍ത്തി. പേസര്‍ അശോക്‌ ദിന്‍ഡയും ഇടങ്കയ്യന്‍ സ്‌പിന്നര്‍ പ്രഗ്യാന്‍ ഓജയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി. ലെഗ്‌ സ്‌പിന്നര്‍ അമിത്‌ മിശ്രയ്‌ക്കു വിക്കറ്റ്‌ വീഴ്‌ത്താനായില്ലെങ്കിലും ബാറ്റ്‌സ്മാന്‍മാരെ നിയന്ത്രിക്കാനായി. വൈസ്‌ ക്യാപ്‌റ്റന്‍ എയ്‌ഞ്ചലോ മാത്യൂസും (75) ക്യാപ്‌റ്റന്‍ തിലകരത്‌നെ ദില്‍ഷനുമാണ്‌ (61) ശ്രീലങ്കയെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്‌. ലങ്കയുടെ മൂന്ന്‌ ബാറ്റ്‌സ്മാന്‍മാര്‍ റണ്ണൗട്ടായി. വ്യാഴാഴ്‌ച സിംബാബ്‌വേയ്‌ക്കെതിരേയാണ്‌ ഇന്ത്യയുടെ അടുത്ത മത്സരം.