എല്ലാവര്‍ക്കും പറക്കാം.
മലേഷ്യന്‍ വ്യവസായി ടോണി ഫെര്‍ണാണ്ടസ് എയര്‍ ഏഷ്യയെന്ന ബജറ്റ് വിമാനക്കമ്പനി സ്വന്തമാക്കിയപ്പോള്‍ അതിന്റെ മുദ്രാവാക്യമതായിരുന്നു. ലോകത്തെ, ഏറ്റവും ചെലവുകുറഞ്ഞ വിമാനയാത്രയെന്ന സ്വപ്നത്തെ എയര്‍ ഏഷ്യ ചിറകുകളില്‍ ആവാഹിച്ചത്. യഥാര്‍ഥത്തില്‍ എയര്‍ ഏഷ്യ മലേഷ്യന്‍ സര്‍ക്കാരാണ് ആരംഭിച്ചത്. 1996 നവംബര്‍ 18-ന് സര്‍വീസ് ആരംഭിച്ചെങ്കിലും പിന്നീട് കടത്തിലായതോടെ വിമാനക്കമ്പനി വില്‍പ്പനയ്ക്ക് വെച്ചു. ടോണി ഫെര്‍ണാണ്ടസിന്റെ ട്യൂണ്‍ എയര്‍ എന്ന കമ്പനി എയര്‍ ഏഷ്യ സ്വന്തമാക്കുന്നത് 2001 ഡിസംബര്‍ രണ്ടിനാണ്. കുറഞ്ഞ നിരക്കുകളിലുള്ള ടിക്കറ്റുകള്‍ അവതരിപ്പിച്ച ടോണി തൊട്ടടുത്തവര്‍ഷം തന്നെ എയര്‍ ഏഷ്യയെ ലാഭത്തിലെത്തിച്ചു. കോലാലംപുരില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസുകളാരംഭിച്ചു. മലേഷ്യന്‍ നാണയമായ ഒരു റിങ്കിറ്റില്‍ താഴെ മാത്രം വിലവരുന്ന ടിക്കറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ബജറ്റ് എയര്‍ലൈന്‍ രംഗത്ത് എയര്‍ ഏഷ്യ വിസ്മയം തീര്‍ത്തത്. 2003-ല്‍ സിംഗപ്പുരില്‍നിന്ന് സര്‍വീസ് ആരംഭിച്ച എയര്‍ ഏഷ്യയുടെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് ബാങ്കോക്കിലേക്കായിരുന്നു. പഴയ മലേഷ്യന്‍ പ്രധാനമന്ത്രി ഡോ.മഹാതിര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ തായ്‌ലന്‍ഡ്, സിംഗപ്പുര്‍, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങള്‍ ഓപ്പണ്‍ സ്‌കൈസ് കരാറില്‍ ഏര്‍പ്പെട്ടതോടെ, ഈ മൂന്ന് രാജ്യങ്ങളില്‍നിന്നും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എയര്‍ ഏഷ്യയടക്കമുള്ള ബജറ്റ് എയര്‍ലൈന്‍സുകള്‍ക്ക് കിട്ടി. ഇതോടെ, വളര്‍ച്ചയുടെ പടവുകള്‍ പറന്നുകയറിയ എയര്‍ ഏഷ്യ ഇന്ന് ലോകത്തെ പ്രമുഖ വിമാനസര്‍വീസുകളിലൊന്നായി മാറി. ഇന്ന് അമ്പതിലേറെ രാജ്യങ്ങളിലേക്ക് എയര്‍ ഏഷ്യ സര്‍വീസ് നടത്തുന്നുണ്ട്. 2009 ല്‍ 161.1 മില്യണ്‍ യു എസ് ഡോളറാണ് എയര്‍ ഏഷ്യയുടെ ലാഭം . അത് പോലെ 2010 ല്‍ 11% - 14% വരെ യാത്രക്കാരുടെ എണ്ണത്തില്‍ പുരോഗതിയും ലക്ഷ്യമിടുന്നു .
ഗോവക്കാരനാണ് ടോണിയുടെ അച്ഛന്‍. അമ്മ പോര്‍ച്ചുഗീസുകാരിയും. എപ്‌സം കോളേജിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ടോണി വിര്‍ജിന്‍ അറ്റ്‌ലാന്റിക്കില്‍ ഓഡിറ്ററായാണ് കരിയറിന് തുടക്കമിടുന്നത്. മലേഷ്യയില്‍ തിരിച്ചെത്തിയ ടോണി, വാര്‍നര്‍ മ്യൂസിക്കിന്റെ മലേഷ്യന്‍ വിഭാഗത്തിന്റെ മാനേജിങ് ഡയറക്ടറായി. മലേഷ്യന്‍ തദ്ദേശിയ സംഗീതത്തിന് പ്രചാരം നല്‍കുന്നതിന് ഇക്കാലയളവില്‍ അദ്ദേഹം ശ്രമിച്ചു. വാര്‍നര്‍ മ്യൂസിക്കിന്റെ തെക്കുകിഴക്കനേഷ്യന്‍ വൈസ് പ്രസിഡന്റായി മാറിയ ടോണി പിന്നീട് ചെലവുകുറഞ്ഞ വിമാനസര്‍വീസെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കരിയറിന്റെ ദിശ മാറ്റുകയായിരുന്നു. പുതിയൊരു കമ്പനി ആരംഭിക്കുന്നതിനേക്കാള്‍ ലാഭം നിലവിലുള്ള സ്ഥാപനങ്ങളിലൊന്ന് ഏറ്റെടുക്കുകയാണെന്ന് ടോണിയെ ഉപദേശിച്ചത് മഹാതിറായിരുന്നു. എയര്‍ ഏഷ്യയുടെ ബാധ്യതകളും പഴക്കം ചെന്ന വിമാനങ്ങളും ഏറ്റെടുത്ത അദ്ദേഹം ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ കമ്പനിയെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാക്കി മാറ്റി. ഫുട്‌ബോളിന്റെയും ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെയുമൊക്കെ കടുത്ത ആരാധകന്‍ കൂടിയാണ് ടോണി ഫെര്‍ണാണ്ടസ്. യൂറോപ്യന്‍ മേഖലയിലെ വ്യോമഗതാഗതത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ അദ്ദേഹത്തിന് ഫ്രഞ്ച് സര്‍ക്കാര്‍, ഫ്രഞ്ചുകാരനല്ലാത്തയാള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ലീജിയണ്‍ ഡി ഓണര്‍ നല്‍കി ആദരിക്കുകയും ചെയ്തു.
ഇന്നു ഓസ്ട്രേലിയിലെ പെര്‍ത്ത് , മെല്‍ബണ്‍ ,ഗോള്‍ഡ് കോസ്റ്റ് ( ബ്രിസ്ബന്‍ ) എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ കൊച്ചി , തിരുവനന്തപുരം,ചെന്നൈ ,മുംബൈ തുടങ്ങിയവിടങ്ങളേലക്കു എയര്‍ ഏഷ്യ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നു .


