Home » » മോഡിയുടെ കസേരയിലേയ്ക്ക് രവി ശാസ്ത്രി?

മോഡിയുടെ കസേരയിലേയ്ക്ക് രവി ശാസ്ത്രി?

മുംബൈ: വിവാദത്താല്‍ കലുഷിതമായ ഐപിഎല്ലിനെ ശുദ്ധീകരിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു. മല്‍സരങ്ങളുടെ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിക്കാനാണ് ബിസിസിഐയുടെ നീക്കം. ഐപിഎല്‍ ചുമതല ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതിനു പകരം നാലംഗ ഉപസമിതിയെ ചുമതല ഏല്‍പ്പുകയെന്നതാണ് തീരുമാനം. ഉപസമിതി അധ്യക്ഷസ്ഥാനത്തേക്കു നാഷനല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ മുന്‍ ക്രിക്കറ്റ് താരം രവി ശാസ്ത്രിയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി, നിരഞ്ജന്‍ ഷാ, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി എന്നിവര്‍ സമിതി അംഗങ്ങളായേക്കും.നാലു പേരും ലളിത് മോഡിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഐപിഎല്‍ ഭരണസമിതിയില്‍ അംഗങ്ങളാണ്.ലളിത് മോഡിയെ ഐപിഎല്‍ കമ്മിഷണറുടെയും ചെയര്‍മാന്റെയും സ്ഥാനത്തു നിന്നു നീക്കം ചെയ്യുമ്പോള്‍ ഏവര്‍ക്കും സ്വീകാര്യമായ ബദല്‍ നിര്‍ദേശം എന്ന നിലയ്ക്കാണ് ഉപസമിതി രൂപീകരണം ചര്‍ച്ച ചെയ്യുന്നത്.ഐപിഎല്‍ കമ്മിഷണര്‍ പദവയില്‍ നിന്നു നീക്കിയാലും ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ മോഡിയെ അനുവദിക്കണമെന്നു നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.ഞായറാഴ്ച നടക്കുന്ന ഐപിഎല്‍ ഫൈനലിനു പിന്നാലെ മോഡിക്കു ബിസിസിഐ നേതൃത്വം നോട്ടിസ് നല്‍കുമെന്നാണ് സൂചന. മോഡിയ്‌ക്കെതിരെയുള്ള കുറ്റപത്രം ബിസിസിഐ ഇതിനകം തന്നെ തയാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.