Home » » ഹെയ്‌ത്തിക്ക്‌ സിഖുക്കാര്‍ ആഹാരം നല്‍കുന്നു

ഹെയ്‌ത്തിക്ക്‌ സിഖുക്കാര്‍ ആഹാരം നല്‍കുന്നു

ഭൂകമ്പം തകര്‍ത്തുകളഞ്ഞ ഹെയ്‌ത്തിയില്‍ ദിനവും 4000 ദുരന്തബാധിതര്‍ക്ക്‌ ആഹാരം നല്‍കുന്നത്‌ സിഖുകാരുടെ സംഘടന. രണ്ടുമാസം മുമ്പ്‌ നടന്ന ഭൂകമ്പത്തെത്തുടര്‍ന്ന്‌ ലോകത്തിലെ പല രാജ്യങ്ങളും സഹായഹസ്‌തവുമായി ഹെയ്‌ത്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവരെല്ലാവരും നേരത്തെ നിര്‍മ്മിച്ച്‌ പായ്‌ക്ക്‌ ചെയ്‌ത ഭക്ഷണമാണ്‌ ദുരിതബാധിതര്‍ക്ക്‌ നല്‍കുന്നത്‌. എന്നാല്‍ സിഖുകാരുടെ സംഘടനയായ `യുണൈറ്റഡ്‌ സിഖ്‌സ്‌' അപ്പപ്പോള്‍ പാകം ചെയ്യുന്ന ചൂടുഭക്ഷണമാണ്‌ ദിവസവും വിതരണം ചെയ്യുന്നത്‌. ഇതിനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള സിഖ്‌ യുവാക്കള്‍ ഹെയ്‌ത്തിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.ന്യൂയോര്‍ക്ക്‌ ആസ്‌ഥാനമായുള്ള സിഖുകാരുടെ സംഘടനയാണ്‌ `യുണൈറ്റഡ്‌ സിഖ്‌സ്‌'. `നമുക്ക്‌ ഭക്ഷണമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ നല്‍കണം' എന്ന ഗുരുനാനാക്ക്‌ വചനമനുസരിച്ചാണ്‌ സംഘടനയുടെ പ്രവര്‍ത്തനം. പ്രവര്‍ത്തകരില്‍ ഏറെയും കാനഡയിലും യു.എസിലും പൗരത്വമുള്ള സിഖുകാരാണ്‌.ജനുവരി 12ന്‌ നടന്ന വന്‍ഭൂകമ്പത്തില്‍ 2 ലക്ഷം പേരോളമാണ്‌ മരിച്ചത്‌. 80 ശതമാനംപേര്‍ ഭവനരഹിതരുമായി. ചൂടുഭക്ഷണം അവര്‍ക്ക്‌ കിട്ടാക്കനിയായിരിക്കുമ്പോഴാണ്‌ യുണൈറ്റഡ്‌ സിഖ്‌സ്‌ ഹെയ്‌ത്തിയിലെത്തുന്നത്‌. അവര്‍ തൊട്ടടുത്ത രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന്‌ റോഡ്‌ മാര്‍ഗം ഗ്യാസ്‌ സിലിണ്ടറുകളും അരിയും മറ്റും ഹെയ്‌ത്തിയിലെത്തിച്ചു. എന്നിട്ട്‌ ന്യൂയോര്‍ക്കിലെ ഐ.ടി വിദഗ്‌ധനായ കുല്‍ദീപ്‌ സിങ്ങിന്റെ നേതൃത്വത്തില്‍ പാചകവും ആരംഭിച്ചു.ആദ്യദിവസങ്ങളില്‍ ഹെയ്‌ത്തിക്കാര്‍ക്ക്‌ ഇന്ത്യന്‍ ഭക്ഷണം തീരെ പിടിച്ചില്ല. ഇതിനു പരിഹാരമായി ഹെയ്‌ത്തിക്കാരനായ കുക്കിനെക്കൂടി പാചകത്തില്‍ സഹായിക്കാന്‍ നിര്‍ത്തി. അതോടെ ഹെയ്‌ത്തിയുടെ ഭക്ഷണരീതിയിലേക്ക്‌ മാറി.വെളുപ്പിനെ ആരംഭിക്കുന്ന പാചകം ഉച്ചയോടെ അവസാനിക്കും. അതിനുശേഷം ചോറ്‌, ബീന്‍സ്‌, പിസ്‌റ്റ എന്നിവയടങ്ങിയ ഭക്ഷണം. വെള്ളം പ്ലാസ്‌റ്റിക്‌ കണ്ടെയ്‌നറുകളിലാക്കി വീടുകളിലെത്തിക്കും. അതോടൊപ്പം കുട്ടികള്‍ക്കുള്ള കളിപ്പാട്ടം, വസ്‌ത്രം എന്നിവയും നല്‍കുന്നുണ്ട്‌.വീണ്ടും ഭൂകമ്പമുണ്ടായാലോ എന്നുഭയന്ന്‌ ഹെയ്‌ത്തിയിലെ ജനങ്ങള്‍ ഇപ്പോഴും ടെന്റുകളിലാണ്‌ താമസിക്കുന്നത്‌. ഇവര്‍ക്കായി 2000 ടെന്റുകളും യുണൈറ്റഡ്‌ സിഖ്‌സ്‌ വിതരണം ചെയ്‌തുകഴിഞ്ഞു. കൂടാതെ ആറേഴ്‌ കുടുംബങ്ങള്‍ക്ക്‌ ഒരുമിച്ച്‌ ഉപയോഗിക്കാവുന്ന സോളാര്‍ പാനലുകളും സിഖുകാര്‍ നല്‍കി.ഒരു മാസംകൂടി സിഖ്‌ സംഘടന ഹെയ്‌ത്തിയില്‍ തുടരാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഇതിനിടെ, തകര്‍ന്നുവീണ 5000 സ്‌കൂളുകളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും സംഘടന നടത്തും.