മഞ്ഞളിന്റെ രോഗപ്രതിരോധ - രോഗനിവാരണ ശക്‌തികളെപ്പറ്റി ലോകപ്രസിദ്ധ മെഡിക്കല്‍ ജേര്‍ണലായ `ഗുട്ട്' കവര്‍സ്‌റ്റോറി പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ പ്രാചീനകാലം മുതലേ പാചകത്തിനായി ഉപയോഗിച്ചുവരുന്ന മഞ്ഞളിനെ ഇന്ത്യക്കാര്‍പോലും വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെന്ന് `ഗുട്ട്' കുറ്റപ്പെടുത്തുന്നുണ്ട്. പാചകത്തിലുപരി, പല മാറാരോഗങ്ങള്‍ക്കും സിദ്ധൗഷധമാണ് മഞ്ഞള്‍. മഞ്ഞളിനെപ്പറ്റി എട്ടുപേജ് വരുന്ന ലേഖനമാണ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലേഖനത്തോടെ ലോകമെമ്പാടും മഞ്ഞളിനെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളും കണ്ടെത്തലുകളും നടക്കുമെന്നാണ് പ്രതീക്ഷ.ഇന്ത്യയില്‍ പരമ്പരാഗത ചികിത്‌സാസമ്പ്രദായത്തില്‍ മഞ്ഞള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ദഹനത്തിനും മുറിവ് ഉണക്കാനുമാണ് കൂടുതലായും മഞ്ഞളിനെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആസ്‌ട്രേലിയയിലെ ഒരു സംഘം മെഡിക്കല്‍ വിദഗ്‌ധര്‍ കണ്ടെത്തിയിരിക്കുന്നത് കരള്‍ രോഗങ്ങള്‍ക്ക് കണ്‍കണ്ടഔഷധമാണ് മഞ്ഞള്‍ എന്നാണ്. ലിവര്‍ സിറോസിസ് തടയാനും മഞ്ഞളിന് കഴിയും. ലിവര്‍സെല്‍ നശിക്കുന്നതും മഞ്ഞളിനു നേരെയാക്കാന്‍ സാധിക്കും.ശരീരത്തിന്റെ രോഗപ്രതിരോധശക്‌തി കൂട്ടാന്‍ മഞ്ഞള്‍ ഉപയോഗിക്കാം. ആറുമാസം പ്രായമുള്ള കുട്ടികള്‍ക്കുപോലും മഞ്ഞള്‍കൊണ്ടുള്ള ഭക്ഷണം കൊടുക്കാവുന്നതാണ്. അല്‍ഷിമേഴ്‌സ് രോഗത്താല്‍ നശിക്കുന്ന കോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനും മഞ്ഞളിനു കഴിയും.വയറിനുണ്ടാകുന്ന അര്‍ബുദബാധയ്‌ക്കും മഞ്ഞള്‍ ഔഷധമാണ്. അര്‍ത്രൈറ്റിസ്, വാതം എന്നിവയുടെയും മരുന്നാണ് മഞ്ഞള്‍. അമേരിക്കന്‍ കോളജ് ഓഫ് റുമാറ്റോളജി മഞ്ഞളിനെപ്പറ്റി വാതവുമായി ബന്‌ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്. ത്വക് കാന്‍സറിനും മഞ്ഞള്‍ മരുന്നായി ഉപയോഗിക്കാം. ഇതുസംബന്‌ധിച്ച പരീക്ഷണങ്ങളെല്ലാം വിജയമായിരുന്നു.കറികളില്‍ കലര്‍ത്തിയും കുട്ടികള്‍ക്കുള്ള പാലില്‍ കലര്‍ത്തിയും മഞ്ഞള്‍ സ്‌ഥിരമായി ഉപയോഗിക്കണമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. ചപ്പാത്തിക്കുള്ള മാവിലും ചോറിലും മഞ്ഞള്‍ പൊടിച്ച് കലര്‍ത്താം. സൂപ്പുകളില്‍ മഞ്ഞള്‍ കലര്‍ത്തിക്കഴിക്കുന്നത് വയറിളക്കത്തിനും നല്ലതാണത്രേ.
