Home » » ചൈനാ ഭൂകമ്പം: മരണം 2200 കവിഞ്ഞു

ചൈനാ ഭൂകമ്പം: മരണം 2200 കവിഞ്ഞു


ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ചിന്‍ഹായ് പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2200 കവിഞ്ഞു. 10,000 പേര്‍ക്ക് പരിക്കുപറ്റി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതുകൊണ്ട് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ടിബറ്റ് അതിര്‍ത്തിയോടുചേര്‍ന്നുള്ള യുഷു മേഖലയിലാണ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 14-ാം തീയതി ഉണ്ടായത്. പ്രശസ്തമായ ചിന്‍ഹായ്-ടിബറ്റ് റെയില്‍പ്പാതയില്‍നിന്ന് 400 കിലോമീറ്റര്‍ മാറി ലാസയ്ക്കും ഷൈനിങ്ങിനും ഇടയ്ക്ക്, ഷംഗ്ലാക്‌സിയുവിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കല്‍ക്കരി, ചെമ്പ്, ഈയം ഖനികള്‍ ധാരാളമുള്ള ഈ പ്രദേശത്ത് പ്രധാനമായും ടിബറ്റ് വംശജരാണ് താമസിക്കുന്നത്. ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ ഭക്ഷണവും അഭയവുമില്ലാതെ വലയുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പ്രസിഡന്റ് ഹൂജിന്താവോ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 7:49-നുണ്ടായ (ഇന്ത്യന്‍ സമയം 5:19) ഭൂചലനത്തില്‍ യുഷുവിലെ പ്രധാന പട്ടണമായ ജ്യൂഗുവിലെ 85 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു. ഒട്ടേറെ തുടര്‍ചലനങ്ങളുമു ണ്ടായി. വാര്‍ത്താവിനിമയ ബന്ധവും റോഡുഗതാഗതവും താറുമാറായെങ്കിലും യുഷു വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷമുണ്ടാകുന്ന മൂന്നാമത്തെ പ്രധാന ഭൂകമ്പമാണ് ചൈനയിലേത്.