Home » » അര്‍ജന്റീന ആഫ്രിക്കയിലിറങ്ങി

അര്‍ജന്റീന ആഫ്രിക്കയിലിറങ്ങി

ജൊഹാനസ്ബര്‍ഗ്: വിശ്വകിരീടം തേടി ഡീഗോ മറഡോണയും കുട്ടികളും ഇരുണ്ട വന്‍കരയില്‍ വിമാനമിറങ്ങി. ഏഷ്യന്‍ മേഖലയിലെ കരുത്തരായ ആസ്‌ത്രേലിയക്കും അഞ്ചുവട്ടം ചാമ്പ്യന്‍മാരായ ബ്രസീലിനും ശേഷം ലോകകപ്പ് വേദിയായ ദക്ഷിണാഫ്രിക്കയിലെത്തുന്ന മൂന്നാമത് ടീമാണ് അര്‍ജന്റീന. ജൂണ്‍ 11നാണ് വിശ്വപോരാട്ടത്തിന് കിക്കോഫ് മുഴങ്ങുന്നത്.തെളിഞ്ഞ ആകാശത്തിനുകീഴെ ഊഷ്മളമായ കാലാവസ്ഥയിലാണ് മറഡോണയും മെസ്സിയുമടങ്ങുന്ന അര്‍ജന്റീന ആഫ്രിക്കന്‍ മണ്ണിലിറങ്ങിയത്. ഒ.ആര്‍.ടോംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കുമുന്നില്‍ അല്‍പനേരം പോസ് ചെയ്ത ശേഷം ടീം ലക്ഷ്വറി ബസില്‍ ലോകകപ്പിനുള്ള പ്രിട്ടോറിയയിലെ തങ്ങളുടെ താവളത്തിലേക്ക് നീങ്ങി. അര്‍ജന്റീനാ ടീമിനെ വരവേല്‍ക്കാന്‍ പ്രിട്ടോറിയ യൂനിവേഴ്‌സിറ്റിയിലെ ഹൈപെര്‍ഫോമന്‍സ് സെന്ററില്‍ നൂറുകണക്കിന് ആരാധകര്‍ ദക്ഷിണാഫ്രിക്കയുടെയും അര്‍ജന്റീനയുടെയും പതാകകളുമായി കാത്തുനില്‍പുണ്ടായിരുന്നു. ടൂര്‍ണമെന്റിനു മുന്നോടിയായി ഈയിടെ മറഡോണ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചപ്പോള്‍ വന്‍ ജനക്കൂട്ടമാണ് അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നത്. ഗ്രൂപ്പ് ബിയില്‍ നൈജീരിയ, ദക്ഷിണ കൊറിയ, ഗ്രീസ് ടീമുകള്‍ക്കൊപ്പം ഇടംപിടിച്ച അര്‍ജന്റീന ജൂണ്‍ 12ന് ആദ്യകളിയില്‍ നൈജീരിയയെ നേരിടും. ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്‌സ്, കാമറൂണ്‍, ജപ്പാന്‍ ടീമുകള്‍ക്കൊപ്പം മല്‍സരിക്കുന്ന ഡെന്‍മാര്‍ക്ക് ടീമും ഇന്നലെ ദക്ഷിണാഫ്രിക്കയിലെത്തി.