സെന്റ് ലൂസിയ: നിലവിലെ ജേതാക്കളായ പാകിസ്താനെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ച് ആസ്ത്രേലിയ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. 192 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഓസീസ് ഒരു ഘട്ടത്തില്‍ അഞ്ചിന് 105 എന്ന നിലയില്‍ പതറിയെങ്കിലും മൈക്ക് ഹസിയുടെ ബാറ്റിങ് മികവില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന ആസ്ത്രേലിയ അഞ്ചു പന്തില്‍ 23 റണ്‍സാണടിച്ചു കൂട്ടിയത്. 24 പന്തില്‍ ഹസി 60 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ആറു സിക്സറുകളുടെയും മൂന്നു ബൌണ്ടറിയുടെയും അകമ്പടിയോടെയായിരുന്നു ഹസിയുടെ വെടിക്കെട്ട്. പാകിസ്താനുവേണ്ടി മുഹമ്മദ് ആമിര്‍ മൂന്നു വിക്കറ്റെടുത്തു.
ടോസ് നേടിയ ആസ്ത്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മെയഡന്‍ ഓവറോടെ തുടങ്ങിയ ഡിര്‍ക് നാനസും മൂന്നു റണ്‍സ് മാത്രം വഴങ്ങിയ ഷോണ്‍ ടെയ്റ്റും പിശുക്ക് കാട്ടിയതോടെ ഈ തീരുമാനം ശരിയാണെന്ന തോന്നലായിരുന്നു. എന്നാല്‍, കമ്രാനും ബട്ടും ചേര്‍ന്ന് നാനസ് എറിഞ്ഞ മൂന്നാം ഓവറില്‍ 11ഉം ടെയ്റ്റിന്റെ അടുത്ത ഓവറില്‍ 13ഉം റണ്‍സ് റണ്‍ ശരാശരി ആറു കടന്നു. പിന്നീട് അക്മല്‍ തകര്‍ത്തടിച്ചതോടെ പാക് സ്കോര്‍ വെച്ചടികയറി. ഏഴാം ഓവറില്‍ പന്തെറിയാനെത്തിയ ലെഗ് സ്പിന്നര്‍ സ്റ്റീവന്‍ സ്മിത്തിനെ സിക്സും ഫോറുമടക്കം 15 റണ്‍സിന് ശിക്ഷിച്ച കമ്രാന്‍ വാട്സന്റെ ഒമ്പതാം ഓവറില്‍ രണ്ടു ഫോറും സിക്സുമടക്കം 18 റണ്‍സുമടിച്ചു.
ഇടക്ക് റണ്‍നിരക്ക് കുറഞ്ഞ് 15 ഓവറില്‍ 118 ആയിരുന്ന പാക് സ്കോര്‍ പിന്നീട് ഉമര്‍ അക്മലിന്റെ കരുത്തില്‍ കുതിക്കുകയായിരുന്നു. 16ാം ഓവറില്‍ ക്ലാര്‍ക്കിന്റെ ഓവറില്‍ 14 റണ്‍സ് പിറന്ന ശേഷം നാനസിനെ തുടര്‍ച്ചയായ സിക്സും ഫോറും പറത്തിയ ഉമര്‍ മിച്ചല്‍ ജോണ്‍സണാണ് കടുത്ത ശിക്ഷ കരുതിവെച്ചിരുന്നത്്. ജോണ്‍സന്റെ 17ാം ഓവറില്‍ മൂന്നു കൂറ്റന്‍ സിക്സടക്കം 24 റണ്‍സാണ് ഉമര്‍ അടിച്ചെടുത്തത്. തൊട്ടടുത്ത ഡേവിഡ് ഹസിയുടെ ഓവറില്‍ 15 റണ്‍സ് പിറന്ന ശേഷം ടെയ്റ്റിന്റെ അവസാന ഓവറില്‍ ഏഴു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇതോടെ സ്കോര്‍ 200 കടത്താമെന്ന പാക് മോഹം സഫലമായില്ല. ടൂര്‍ണമെന്റിലിതുവരെ ഗംഭീരമായി പന്തെറിഞ്ഞ നാനസ് ടെയ്റ്റ് ജോണ്‍സണ്‍ ത്രയം വെള്ളിയാഴ്ച പരാജയമായി. നാനസ് ഒരു വിക്കറ്റിന് 32ഉം ടെയ്റ്റ് വിക്കറ്റില്ലാതെ 25ഉം ജോണ്‍സണ്‍ ഒരു വിക്കറ്റിന് 37ഉം റണ്‍സ് വഴങ്ങി
