സെന്റ്‌ലൂസിയ: കുട്ടി ക്രിക്കറ്റിലെ ചാമ്പ്യന്മാരായ പാകിസ്താനും മുന്‍ചാമ്പ്യന്മാരായ ഇന്ത്യയും മൂന്നാമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യമത്സരത്തിന് ശനിയാഴ്ച ഇറങ്ങുന്നു. ഐ.പി.എല്ലിലെ ക്ഷീണിപ്പിക്കുന്ന പോരാട്ടങ്ങള്‍ക്കുശേഷമെത്തുന്ന, പ്രഥമ ലോകചാമ്പ്യന്മാരായ ഇന്ത്യ കന്നിക്കാരായ അഫ്ഗാനിസ്താനെ എതിരിടുമ്പോള്‍ നിലവിലെ ജേതാക്കളായ പാകിസ്താന് മറികടക്കേണ്ടത് ബംഗ്ലാദേശ് തീര്‍ക്കുന്ന കടമ്പയാണ്. ക്രിക്കറ്റിന്റെ മറ്റെല്ലാ രൂപങ്ങളിലേതിനെക്കാളും അനിശ്ചിതത്വം നിറഞ്ഞ ട്വന്റി 20 കൈവിട്ട കളിയാണെന്ന ബോധ്യം ഇന്ത്യയ്ക്കും പാകിസ്താനും ഉള്‍ക്കിടിലമുണ്ടാക്കുന്നു. ഒരു ടീമിനെയും എഴുതിത്തള്ളാനാവില്ല. അഫ്ഗാനിസ്താനെ ഗൗരവത്തോടെയാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയും സംഘവും നോക്കിക്കാണുന്നത്. കളിക്കാരെ തളര്‍ത്തിയ ഒന്നരമാസം നീണ്ട ഐ.പി.എല്ലിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയ്ക്ക് ലോകകപ്പ്. ടീമംഗങ്ങള്‍ ഒരുമിച്ച് ഒരു സന്നാഹമത്സരം പോലും കളിക്കാതെ നേരിട്ട് മത്സരത്തിനിറങ്ങുകയാണ്. സന്നാഹമത്സരം കളിക്കാത്ത ഒരേയൊരു ടീമും ഇന്ത്യ തന്നെ. സന്നാഹമത്സരത്തില്‍ അഫ്ഗാനിസ്താന്‍ അയര്‍ലന്‍ഡിനെ അട്ടിമറിച്ചിരുന്നു. എതിരാളികളെ ശക്തി കുറച്ചുകാണരുതെന്ന് ധോനി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മൂന്നു ടീമുകള്‍ മാറ്റുരയ്ക്കുന്ന ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം തോറ്റാല്‍ അത് പുറത്തേക്കുള്ള വഴിതുറക്കും. കന്നിക്കാരോട് തോറ്റ് അത്തരമൊരു നാണക്കേടില്‍ ചാടാതിരിക്കുകയെന്നതാണ് ധോനിയുടെയും കൂട്ടരുടെയും ആദ്യ ദൗത്യം.
Home » സ്പോര്‍ട്സ് » T20 ഇന്ത്യ - അഫ്ഗാന്‍ പോരാട്ടം ഇന്ന്
T20 ഇന്ത്യ - അഫ്ഗാന്‍ പോരാട്ടം ഇന്ന്
Posted by aussievartha on 17:05 //
