Home » » വിദേശത്ത് വന്‍തോതില്‍ കൃഷിയുമായി ഇന്ത്യന്‍ കമ്പനികള്‍

വിദേശത്ത് വന്‍തോതില്‍ കൃഷിയുമായി ഇന്ത്യന്‍ കമ്പനികള്‍




ആഫ്രിക്ക, തെക്കേ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നുവേണ്ട ലോകത്തിന്റെ പല ഭാഗത്തും ഇന്ത്യക്കാരും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കമ്പനികളും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത് വ്യാപകമാകുകയാണ്. ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നതില്‍ കൂടുതലും. ഭക്ഷ്യസുരക്ഷാബില്‍ നടപ്പാക്കുന്ന ഇന്ത്യയില്‍ മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം മേഖലകളേയും ഭക്ഷ്യധാന്യ ലഭ്യതയ്ക്കായി ഉപയോഗപ്പെടുത്താന്‍ കൃഷി മന്ത്രാലയം ആലോചിക്കുന്നുമുണ്ട്. പല രാജ്യങ്ങളും ഇത്തരം കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കാനായി ഭൂമി വിട്ടുനല്‍കാന്‍ തയ്യാറുമാണ്. ഈജിപ്ത്, എത്യോപ്യ, സെനഗല്‍, സുഡാന്‍, ട്രിനിഡാഡ് ആന്റ് ടുബാഗോ, ടൂണിഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ കാര്‍ഷിക മേഖലകളില്‍ ഇന്ത്യന്‍ വംശജരും ഇന്ത്യന്‍ കമ്പനികളും വിളവിറക്കുന്നത്. കിഴക്കന്‍ ആഫ്രിക്കയില്‍ മാത്രം എണ്‍പതോളം ഇന്ത്യന്‍ കമ്പനികള്‍ക്ക് 11,300 കോടി രൂപയുടെ കാര്‍ഷിക നിക്ഷേപമുണ്ടെന്നാണ് (അതായത് കൃഷിയും കാര്‍ഷിക വിപണനവും) സര്‍ക്കാര്‍ കണക്ക്. അറബ് രാജ്യങ്ങളിലെ വ്യാപാരികളും ഇവിടങ്ങളില്‍ വന്‍തോതില്‍ നിക്ഷേപമിറക്കുന്നുണ്ട്. കാര്‍ഷിക വളര്‍ച്ചയ്ക്ക് അനുസൃതമായ ഭക്ഷ്യധാന്യ വിതരണത്തിനായി കേന്ദ്രകൃഷിമന്ത്രാലയത്തിന് ഇതിനകം തന്നെ നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് 2009 ഡിസംബറിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് മൂലം കാര്‍ഷിക വളര്‍ച്ച വിപുലപ്പെടുത്താനും അവരുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് അതത് രാജ്യങ്ങള്‍ കണക്കുകൂട്ടുന്നു. 2005 ഓടെ കാര്‍ഷികമേഖലയുടെ ഇത്തരം വാണിജ്യസാധ്യതയെ ഈ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞതോടെ കൃഷി ആവശ്യങ്ങള്‍ക്കായി കമ്പനികള്‍ക്കും സാമ്പത്തിക ശക്തികള്‍ക്കും ഭൂമി പാട്ടത്തിന് നല്‍കാന്‍ തുടങ്ങി. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതലും കൃഷിയിറക്കുന്നത്.ഭക്ഷ്യ എണ്ണ കൃഷി ചെയ്യുന്നതിലാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ഈ മേഖലകളില്‍ കൃഷി ചെയ്യുന്നവരെല്ലാം ഇന്ത്യന്‍ കമ്പനികളോ ഇന്ത്യക്കാരോ ആണെന്നതിന് നിരവധി പേരുകള്‍ ഉദാഹരണമായി പറയാന്‍ കഴിയും. ഭൂമി വില കുറവുള്ളതാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൃഷി ആരംഭിക്കാന്‍ കാരണമെന്ന് കാര്‍ഷിക വ്യാപാരത്തില്‍ നിക്ഷേപം നടത്തുന്ന ദിലീപ് ചോക്‌സി പറയുന്നു.


അലൈഡ് കെമിക്കല്‍സ്, എ.വി.ആര്‍ എഞ്ചിനീയറിങ്, ബി.പി. ജ്വല്ലറി, കങ്കാരിയ ഗ്രൂപ്പ്, കാരുട്ടുരി അഗ്രോ പ്രൊഡക്‌സ്, കൊമ്മൂരി അഗ്രോ ടെക്, കെ.എസ്.ആര്‍. എര്‍ത്ത് മൂവേഴ്‌സ്, നെല്‍വോ ഇന്റര്‍നാഷണല്‍, സൂര്യ ഇലക്ട്രിക്കല്‍സ് തുടങ്ങിയ നിരവധി കമ്പനികള്‍ ഈ രംഗത്ത് സജീവമാണ്. അതായത് 80 ഓളം ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍ വന്‍തോതില്‍ കൃഷി ഭൂമിയുണ്ട്്. ഇതില്‍ എത്യോപ്യ, കെനിയ, മഡഗാസ്‌കര്‍, മൊസാംബിക്, സെനഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നു. 2010 ജനുവരി 5 ന് കൃഷി മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി വിദേശകാര്യ-വാണിജ്യ-കൃഷി വകുപ്പുകളുടെ സംയുക്തയോഗം നടത്തുകയും ചെയ്തു. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കണ്‍സോര്‍ഷ്യം (സി.ഐ.എഫ്.എ) അംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. കാര്‍ഷിക സാധ്യകകളെക്കുറിച്ച് പഠിക്കാനായി ഇത്തരം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തണമെന്നും ആവശ്യമായ നയപരിപാടികള്‍ സംബന്ധിച്ചും യോഗത്തില്‍ നിര്‍ദേശങ്ങളും ആവശ്യങ്ങളുമുയര്‍ന്നു.


സര്‍ക്കാര്‍ സംവിധാനങ്ങളുടെ എല്ലാ തരത്തിലുള്ള സഹായവും ഇവര്‍ ആരാഞ്ഞു. പ്രത്യേകിച്ച് ആഫ്രിക്കയടക്കമുള്ള മേഖലകളില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാലാണത്. തീവ്രവാദ-മയക്കുമരുന്ന് സംഘങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് പല ആഫ്രിക്കന്‍ മേഖലകളും. ഈ മേഖലയില്‍ വന്‍തോതില്‍ കൃഷി നടത്തുന്നവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ രാജ്യാന്തര തലത്തില്‍ ധാരണയുണ്ടാക്കണമെന്നും യോഗത്തില്‍ കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയത്തില്‍ ആഫ്രിക്കന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങള്‍ പ്രസക്തമാണ്. ദാരിദ്ര്യം അതിന്റെ പരമകോടിയില്‍ നില്‍ക്കുന്ന ഏതോപ്യയില്‍ 1.3 കോടി ജനങ്ങള്‍ ഭക്ഷണം പോലും കിട്ടാതെ സന്നദ്ധസംഘടനകളുടെ ഭക്ഷണവിതരണം കൊണ്ട് ജീവിച്ചുപോകുന്നവരാണ്. അതേസമയം നല്ല വളക്കൂറുള്ള 30 ലക്ഷത്തോളം ഹെക്ടര്‍ ഭൂമി മറ്റ് രാജ്യങ്ങള്‍ക്കും വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ക്കും നല്‍കി രാജ്യത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. എത്യോപ്യയില്‍ 420 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ക്കുള്ളതെന്ന് ഏതോപ്യന്‍ റിവ്യൂ മാഗസിന്‍ പറയുന്നു. സുഡാന്‍, കെനിയ, നൈജീരിയ, താന്‍സാനിയ, മലാവി, കോംഗോ, സാംബിയ, ഉഗാണ്ട, മഡഗാസ്‌കര്‍, സിംബാബ്‌വെ, മാലി, ഖാന തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. 2007 മുതല്‍ എത്യോപ്യ 815 വിദേശ ധനകാര്യ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ഇത്തരത്തില്‍ കൃഷി നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. മംഗോളിയന്‍ സര്‍ക്കാര്‍ പഞ്ചാബില്‍ നിന്നുള്ള വന്‍കിട കൃഷിക്കാരെയാണ് കൂടുതലും ക്ഷണിച്ചത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇവര്‍ ചൈന, കൊറിയ, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ കാര്‍ഷിക-വിപണന ഗ്രൂപ്പുകളെയാണ് ഇവര്‍ കൂടുതലായി സമീപിക്കുന്നത്. സുഡാനില്‍ കൃഷിമന്ത്രി ഡോ. സാംസണ്‍ ക്വാജെ പുതിയ നയം തന്നെ ഇതുമായി ബന്ധപ്പെട്ട്് പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയത് 60,000 ഏക്കര്‍ ഭൂമിയെങ്കിലും ഈ മേഖലയില്‍ വിദേശ ഗ്രൂപ്പുകള്‍ക്കായി പാട്ടത്തിന് നല്‍കുന്നതാണ് ഇവരുടെ നയം. നിരവധി ടാക്‌സ് ഇളവുകളും ഇതിനായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സുഡാന്‍ കൃഷിമന്ത്രി പറയുന്നു.ട്രിനിഡാഡ് ആന്റ്് ടുബാഗോ ഇന്ത്യന്‍ വംശപാരമ്പര്യമുള്ള രാജ്യമാണ്. ഇവിടത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 40 ശതമാനത്തോളം പേരുടെ പശ്ചാത്തലവും പാരമ്പര്യവും ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യം മുതല്‍ക്കേ ആരംഭിച്ച ഇന്ത്യന്‍ കുടിയേറ്റത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചത്. ഇവിടെ പഞ്ചസാര കൃഷിയാണ് വ്യാപകമായുള്ളത്. ചൈനയുമായി സംയുക്ത കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടാനുള്ള പുതിയ പദ്ധതിയ്ക്കും ഇവര്‍ രൂപം നല്‍കിയിട്ടുണ്ട്. ആഭ്യന്തര കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും കയറ്റുമതി മൂല്യം നേടാനുമുള്ള ഇവരുടെ ഈ ശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയിരിക്കുന്നു. ഈജിപ്തും സൈനഗലുമെല്ലാം ഈ രീതിയില്‍ മുന്നേറുകയാണ്. 20 മുതല്‍ 50 വരെ വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായി 20,000 ഹെക്ടര്‍ ഭൂമിയാണ് സെനഗല്‍ ഇതിനായി കണ്ടെത്തിയിരിക്കുന്നത്. 1960 മുതല്‍ 2009 വരെയുള്ള കാലയളവില്‍ എതോപ്യയിലുള്ള ഇന്ത്യന്‍ നിക്ഷേപം 90.3 ലക്ഷം അമേരിക്കന്‍ ഡോളറാണ്. ടുണീഷ്യ രണ്ട് തരത്തിലുള്ള കയറ്റുമതി രീതിയാണ് വാഗ്ദാനം ചെയ്യുന്നത്. പൂര്‍ണ്ണമായ കയറ്റുമതിയും ഭാഗിക കയറ്റുമതിയും. മൊത്തം ഉല്‍പാദനത്തിന്റെ 70 ശതമാനം കയറ്റുമതി ചെയ്യുകയും ബാക്കിയുള്ളവ ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുകയും ചെയ്യുന്നതാണ് ഭാഗിക കയറ്റുമതി. 3000 ഹെക്ടര്‍ ഭൂമി ഇത്തരത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനായി നീക്കിവെച്ചിരിക്കുന്നു.


വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയ്ക്കായി അനുമതി ലഭിക്കുന്നവര്‍ക്ക് സര്‍ക്കാരുകള്‍ വിവിധ നികുതി ഇളവുകളും നല്‍കും. അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളില്‍ സോള്‍വെന്റ് എക്‌സ്ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ (800 ഓളം ഭക്ഷ്യ എണ്ണ ഉല്‍പാദകരുടെ സംഘടന) അടക്കമുള്ള സംഘടനകളുടെ കീഴില്‍ ഭക്ഷ്യ എണ്ണ ഉല്‍പാദനത്തിന്റെ തോത് വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഇത്തരം കാര്‍ഷിക മേഖലകളില്‍ ചൈന നേടുന്ന വളര്‍ച്ചയാണ് ഈ മേഖലയില്‍ കൂടുതല്‍ സജീവമാകാനുള്ള കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ജന്റീനയില്‍ 2,000 ഹെക്ടര്‍ ഒലീവ് തോട്ടമുണ്ട് സ്‌റ്റെര്‍ലിങ് ഗ്രൂപ്പിന്. രാജശ്രീ ഷുഗേഴ്‌സ്, ഗോദാവരി ഷുഗേഴ്‌സ്, രേണുക ഷുഗേഴ്‌സ് എന്നീ കമ്പനികള്‍ക്ക് ബ്രസീലില്‍ ഫാക്ടറികളുണ്ട്. ബജാജ് ഹിന്ദുസ്ഥാന്‍ കമ്പനിക്കും ബ്രസീലില്‍ വ്യവസായങ്ങളുണ്ട്. എന്‍.ആര്‍.ഐ. ഗ്രൂപ്പായ ഓം കമ്പനി 17,000 ഹെക്ടറില്‍ നിലക്കടല കൃഷിയുണ്ട്. കെ.കെ.ആര്‍. ഗ്രൂപ്പ്, നീലഗിരി ഡയറി ഫാം എന്നീ ഇന്ത്യയിലെ പാല്‍ ഉല്‍പാദക കമ്പനികള്‍ക്ക് ചൈനയില്‍ 15 കോടി ഡോളറിന്റെ ഡയറി ഫാം വ്യാപാരമുണ്ട്. ബറോഡയില്‍ നിന്നുള്ള വിഗോ ബയോടെക് എന്ന കമ്പനിയും ഈ മേഖലയില്‍ സജീവമാണ്. ഭക്ഷ്യഎണ്ണ ഉല്‍പാദകരായ കെ. എസ്. ഓയില്‍സ് ഇന്തോനേഷ്യയിലെ കളിമന്താനില്‍ 53,000 ഏക്കറിലാണ് കൃഷി നടത്തുന്നത്. ഈ കമ്പനിക്ക് പലയിടത്തായി മൊത്തം 1,38,000 ഏക്കര്‍ കൃഷിഭൂമിയുണ്ട്. ഇവര്‍ പാം ഓയില്‍ രംഗത്തുമുണ്ട്. 380 കോടി രൂപയുടെ പദ്ധതിയാണ് കമ്പനി പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. കരുട്ടൂരി അഗ്രോ പ്രൊഡക്ടിന് 12,000 ഹെക്ടറിലാണ് കൃഷിയുള്ളത്. സ്റ്റീല്‍ ഉല്‍പാദകരായ വരുണ്‍ ഇന്റര്‍നാഷണല്‍ മഡഗാസ്‌കറില്‍ കാര്‍ഷിക ഉല്‍പാദന മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. 2008 മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അരുണ്‍ ഇന്റര്‍നാഷണലിന് 2,32,000 ഹെക്ടറിലാണ് ഇപ്പോള്‍ കൃഷിയുള്ളത്. കൃഷിക്കാരുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും അവര്‍ക്കാവശ്യമായ നയങ്ങള്‍ രൂപീകരിക്കാനും ഇത്തരം കമ്പനികള്‍ തന്നെ മുന്നിട്ടിറങ്ങുന്നു. എതോപ്യയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് 400 കോടി ഡോളറിന്റെ കാര്‍ഷിക ഉല്‍പാദനവും വ്യാപാര പ്രവര്‍ത്തനങ്ങളുമുണ്ടെന്നാണ് എത്യോപ്യന്‍ റിവ്യൂ മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നത്. എത്യോപ്യക്കാരായ നൂറുകണക്കിന് തൊഴിലാളികളാണ് ഇവരുടെ തോട്ടങ്ങളിലും പാടങ്ങളിലും പണിയെടുക്കുന്നത്. മേല്‍നോട്ടം വഹിക്കാന്‍ ഇന്ത്യക്കാരുമുണ്ട്. പ്രാദേശികമായ പല പ്രശ്‌നങ്ങളേയും അതിജീവിച്ചാണ് ഈ കാര്‍ഷിക'വിപ്ലവം' ഇവര്‍ നടത്തിക്കൊണ്ടുപോകുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭൂസ്വത്തിന്റെ പരിധിയില്ലാത്ത കാര്‍ഷിക വളര്‍ച്ചയാണ് ഈ ദരിദ്ര രാജ്യങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ലണ്ടന്‍ ഒബ്‌സര്‍വര്‍ പത്രവും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എത്യോപ്യയില്‍ മാത്രം ഇന്ത്യ 10 ലക്ഷം ഹെക്ടറും സൗദി അറേബ്യ ഒരു ലക്ഷം ഹെക്ടറും ഭൂമി പാട്ടത്തിനെടുത്തിട്ടുണ്ട്. ഈജിപ്തും ദക്ഷിണ കൊറിയയും നൈജീരിയയും അറബ് രാജ്യങ്ങളുമുള്‍പ്പെടെ പലരും ഈ മേഖലയില്‍ സജീവമായിക്കഴിഞ്ഞു. 8070 ലക്ഷം ഹെക്ടര്‍ ഭൂമിയാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ കാര്‍ഷിക-അനുയോജ്യമേഖല. ഇതില്‍ തന്നെ 1970 ലക്ഷം ഹെക്ടറില്‍ മാത്രമേ നിലവില്‍ കൃഷിയുള്ളൂ. സ്വാഭാവികമായും ബാക്കിയുള്ള ഭൂമി കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കമ്പനികള്‍ തയ്യാര്‍. ഭക്ഷ്യക്ഷാമം മറികടക്കാന്‍ ഇത്തരം കാര്‍ഷികോല്‍പാദനത്തിന് കഴിയുമെന്നാണ് ഈ രാജ്യങ്ങളുടെ പ്രതീക്ഷ.