Home » » കാല്‌പോയ ബാബുവിന് വീടുവയ്ക്കാന്‍ കാലില്ലാത്തവരുടെ കൈത്താങ്ങ്

കാല്‌പോയ ബാബുവിന് വീടുവയ്ക്കാന്‍ കാലില്ലാത്തവരുടെ കൈത്താങ്ങ്

ചെറുതോണി (ഇടുക്കി): അപകടത്തില്‍ കാല്‌നഷ്ടമായ ബാബുവിന് വീട്‌വയ്ക്കാന്‍ കാലില്ലാത്തവരുടെ കൂട്ടായ്മ. പതിനാറുവര്‍ഷം മുമ്പ് റോഡപകടത്തില്‍ വലതുകാല് നഷ്ടമായ ചെറുതോണി ചിലമ്പില്‍ ബാബു (40) വിന് സര്‍ക്കാര്‍ അനുവദിച്ച വീട് നിര്‍മ്മിക്കാനാണ് രണ്ട് കാലുകളില്ലാത്ത കൂട്ടുകാര്‍ മെയ് മറന്ന് മനക്കരുത്തോടെ ഒത്തുകൂടിയത്. അയല്‍വാസികളും അപകടത്തില്‍ ഒരു കാല് വീതം നഷ്ടപ്പെട്ടവരുമായ മധുവും ജോര്‍ജുമാണ് ബാബുവിനെ സഹായിക്കുന്നത്. ബാബുവിന് വീട് നിര്‍മ്മിക്കുവാന്‍ ഈ വര്‍ഷം ബ്ലോക്ക്പഞ്ചായത്ത് വഴി ഒരു ലക്ഷം രൂപ കിട്ടി. കുന്നിന്‍ചെരുവില്‍ വേണം വീട് നിര്‍മ്മിക്കുവാന്‍. മണ്ണിടിച്ച് വീടിനുള്ള തറ തീര്‍ക്കുവാന്‍ ഇരുപതിനായിരത്തോളം രൂപ ചെലവഴിച്ചു. എന്നിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ബാക്കി പണം കൊണ്ട് വീട് നിര്‍മ്മാണം നടത്തുവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ വികലാംഗനെങ്കിലും ബാബു തറ നിരപ്പാക്കല്‍ സ്വയം ഏറ്റെടുത്തു. ബാബുവിന്റെ വിഷമതകള്‍ കണ്ടപ്പോള്‍ വൈകല്യം മറന്ന് മധുവും ജോര്‍ജും ഒപ്പം കൂടുകയായിരുന്നു. മധുവും ജോര്‍ജും തറയില്‍ ഇരുന്ന് മണ്ണ് കുത്തിയിളക്കിയിടുന്നത് ബാബു മറ്റൊരാളുടെ സഹായത്തോടെ വലിച്ചുമാറ്റി. തറ നിരപ്പാക്കല്‍ ഒരാഴ്ചകൊണ്ട് പൂര്‍ത്തീകരിച്ചു. 2004 ല്‍ ഇടുക്കി ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മാണത്തിനുവേണ്ടി ആലുംചുവട് ഭാഗത്ത് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട 17 വീട്ടുകാരില്‍ ഒരാളാണ് ഈ വികലാംഗന്‍. കളക്ടറുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന സ്ഥലത്തിനു താഴ്ഭാഗത്തായി ചെങ്കുത്തായ ഭൂമിയാണ് 4 സെന്റ് വീതം ഇവര്‍ക്ക് നല്‍കിയത്. കുടിയിറക്കിയവരില്‍ 12 പേര്‍ക്കും സര്‍ക്കാര്‍ വീട് നല്‍കി. മറ്റുള്ളവര്‍ക്കുള്ള വീടിനുള്ള നിര്‍മ്മാണവും നടന്നുവരികയാണ്.
കടപ്പാട് : മാതൃഭൂമി

news related to idukki,poor man