Home » » സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍

മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററില്‍. ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു സച്ചിന്റെ ട്വിറ്ററിലേക്കുള്ള രംഗപ്രവേശം. രാത്രി 11:55നാണ് ആരാധകരെ തേടി സച്ചിന്റെ ആദ്യ ട്വീറ്റ് വന്നത്. "ഒടുവില്‍ ഒറിജിനല്‍ എസ്ആര്‍ടി ട്വിറ്ററില്‍, വിന്‍ഡീസിലുള്ള എന്റെ സഹതാരങ്ങള്‍ക്ക് വിജയാശംസകള്‍ നേരുന്നു". ഇതായിരുന്നു താരത്തിന്റെ ആദ്യ ട്വീറ്റ്. നേരത്തെ തന്നെ ട്വിറ്ററിലെത്തിയ ബോളിവുഡ് താരങ്ങളും ആരാധകരും വമ്പന്‍ വരവേല്‍പാണ് സച്ചിന് നല്‍കിയത്. 'ഒടുവില്‍ ഇതാ ക്രിക്കറ്റ് ദൈവവും ട്വിറ്ററില്‍' എന്ന് ട്വീറ്റ് ചെയ്താണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി സച്ചിനെ ട്വിറ്ററിലേക്ക് വരവേറ്റത്. ട്വിറ്ററിലെത്തി 45 മിനിറ്റിനകം സച്ചിനെ പിന്തുടരുന്നവരുടെ എണ്ണം ആയിരം കവിഞ്ഞിരുന്നു. ഇപ്പോഴും ട്വിറ്ററില്‍ സച്ചിനെ തേടിയെത്തുന്നവരുടെ എണ്ണം റെക്കാര്‍ഡ് സ്‌കോറിങ് പോലെ കുതിച്ചുകയറുകയാണ്. ആരാധകപ്രവാഹം തുടരുകയാണെങ്കില്‍ ട്വിറ്ററിലെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള സെലിബ്രറ്റികളിലൊരാളായി സച്ചിന്‍ മാറിയേക്കും.