Home » » ചൈനീസ് ബസുകള്‍ സഖാക്കളെ കൈവിടുന്നു

ചൈനീസ് ബസുകള്‍ സഖാക്കളെ കൈവിടുന്നു

ബെയ്ജിങ്: പുരോഗതിയിലേക്കുള്ള കുതിപ്പിനിടെ ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലെ ബസ്സ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സഖാക്കളെ പിന്നില്‍ ഉപേക്ഷിച്ച് യാത്രയാവുകയാണ്. ഇനി മുതല്‍ 'സഖാവ്' (കോമ്രേഡ്) എന്നതിന് പകരം യാത്രക്കാരെ സര്‍ അല്ലെങ്കില്‍ മാഡം എന്ന് അഭിസംബോധന ചെയ്യണമെന്നാണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു കാലത്ത് ലക്ഷക്കണക്കിന് ചൈനക്കാര്‍ ധരിച്ചിരുന്ന മാവോ സ്യൂട്ട് ഇപ്പോഴും കൈവിടാന്‍ മടിയ്ക്കുന്നവര്‍ മാത്രം പുതിയ നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ മേലിലും ബസ് യാത്രയ്ക്കിടയില്‍ സഖാക്കന്‍മാര്‍ തന്നെയായിരിക്കും. എന്നാലിവരെ എല്‍ഡര്‍ കോമ്രേഡ്‌സ് എന്നായിരിക്കും ബസ് ജീവനക്കാര്‍ അഭിസംബോധന ചെയ്യുക. യാത്രക്കാരെ എല്‍ഡര്‍ മാസ്റ്റര്‍, എല്‍ഡര്‍ സര്‍ എന്ന് അഭിസംബോധന ചെയ്യണമെന്നും ജീവനക്കാര്‍ക്കുള്ള പരിശീലന മാര്‍ഗ്ഗരേഖയിലുണ്ട്. യുവാക്കളെ കഴിവതും പാസഞ്ചര്‍ എന്നോ സ്റ്റുഡന്റ് എന്നോ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കണമെന്നും പറയുന്നു.

കോമ്രേഡ് എന്ന വാക്ക് സ്വവര്‍ഗാനുരാഗി എന്ന അര്‍ത്ഥത്തില്‍ വിലയിരുത്തപ്പെടുമെന്ന സൂചനകളും നിര്‍ദ്ദേശത്തിലുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത മാനദണ്ഡം ഉറപ്പുവരുത്തേണ്ട ഒരു സേവനത്തില്‍ കോമ്രേഡ് എന്ന അഭിസംബോധന ചേരില്ലെന്നാണ് ബെയ്ജിങ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.പഴയ സോവിയറ്റ് യൂണിയനില്‍ നിന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ സഖാവ് എന്ന പദം സ്വീകരിച്ചത്. 'സഖാവ്' വിളി സാമൂഹ്യ സമത്വത്തിലൂന്നിക്കൊണ്ടുള്ള സൗഹാര്‍ദ്ദപരമായ അഭിസംബോധനയായാണ് ഇത്രയും കാലം കണ്ടിരുന്നത്. അതേ സമയം കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ ഇപ്പോഴും തങ്ങളുടെ പ്രസംഗത്തിലും എഴുത്തുകളിലും സഖാവ് പദം ഉപയോഗിക്കുന്നുണ്ട്.