Home » » ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കുഞ്ഞ് മരിച്ചത് ചൂടില്‍ ഉരുകി

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കുഞ്ഞ് മരിച്ചത് ചൂടില്‍ ഉരുകി

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ രണ്ടുമാസം മുമ്പ് ഇന്ത്യന്‍ ദമ്പതിമാരുടെ കുഞ്ഞ് മരിക്കാനിടയായത് അമിതമായ ചൂടേറ്റാവാമെന്ന് പോലീസ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണം രൂക്ഷമായ നാളുകളില്‍ മൂന്നുവയസ്സുകാരന്‍ ഗുര്‍ശരണ്‍ സിങ് ചന്നു കൊല്ലപ്പെട്ടത് ഏറെ വിവാദമായിരുന്നു. എന്നാല്‍ താമസിയാതെ ഗുര്‍സേവക് ധില്ലന്‍ എന്ന ഇന്ത്യക്കാരനെ മരണവുമായി ബന്ധപ്പെട്ട് വിക്ടോറിയ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. കാറോടിക്കുകയായിരുന്ന ധില്ലന്‍ മൂന്നു മണിക്കൂറോളം കുട്ടിയെ ഡിക്കിയില്‍ കിടത്തിയിരുന്നതായി കുറ്റസമ്മതം നടത്തിയിരുന്നു. മണിക്കൂറുകള്‍ കാര്‍ ഓടിയപ്പോള്‍ ഡിക്കിയിലെ ചൂട് 50 ഡിഗ്രിവരെ ഉയര്‍ന്നിട്ടുണ്ടാവുമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്.ഗുര്‍ശരണിന്റെ മാതാപിതാക്കള്‍ കഴിഞ്ഞിരുന്ന വീട്ടില്‍ത്തന്നെയാണ് ഗുര്‍സേവകും താമസിച്ചിരുന്നത്. വീടിന്റെ വാതില്‍ തുറക്കുമ്പോള്‍ അബദ്ധവശാല്‍ കുട്ടിയുടെ തലക്ക് തട്ടിയെന്നും തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട കുട്ടിയുമായി കാറില്‍രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ഗുര്‍സേവക് പോലീസിനോട് പറഞ്ഞത്. എന്തുചെയ്യണമെന്നറിയാതെ, പരിഭ്രമിച്ച് കുട്ടിയുമായി മൂന്നുമണിക്കൂര്‍ കാറില്‍ ചുറ്റിയതായും പിന്നീട് കുട്ടിയെ ഒക്‌ലന്‍ഡ് ജങ്ഷന് സമീപമുള്ള റോഡില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഗുര്‍സേവക് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായ ഗുര്‍സേവക് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.