Home » » ബാങ്കോക്ക് കത്തുന്നു

ബാങ്കോക്ക് കത്തുന്നു

ബാങ്കോക്: തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക് സംഘര്‍ഷത്തീയില്‍. ആഴ്ചകളോളമായി പ്രക്ഷോഭം തുടരുന്ന പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി മണിക്കൂറുകള്‍ക്കകമാണ് സംഘര്‍ഷം. ചെങ്കുപ്പായക്കാര്‍ എന്നറിയപ്പെടുന്ന പ്രക്ഷോഭകര്‍ക്കെതിരെ സൈന്യം വെടിവെപ്പു നടത്തി. നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചെങ്കുപ്പായക്കാരുടെ സൈനിക ഉപദേഷ്ടാവ് ജനറല്‍ കത്തിയ സസ്വാദിസ്ഫോള്‍ എന്ന സെ ദാങ്ങിന് വെടിയേറ്റു. തലക്കു വെടിയേറ്റ അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചെങ്കുപ്പായക്കാരുമായി ബന്ധമുള്ള പ്രമുഖ സൈനിക ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ ഭീകരവാദി എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമാധാന കരാര്‍ കഴിഞ്ഞ ദിവസം ഇദ്ദേഹം തള്ളിക്കളഞ്ഞതോടെയാണ് പ്രക്ഷോഭം തുടരാന്‍ വഴിയൊരുങ്ങിയത്.

സമീപത്തെ കെട്ടിടത്തിനടുത്തു നിന്നാണ് വെടിവെപ്പുണ്ടായതെന്ന് 'സി.എന്‍.എന്‍' ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. നിരവധി പേരെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പ്രക്ഷോഭകരെ നേരിടുന്നതിന് വന്‍ സൈനിക സന്നാഹം തയാറായതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സൈന്യം വന്‍തോതില്‍ ആയുധങ്ങള്‍ തലസ്ഥാനത്തേക്ക് എത്തിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

പ്രക്ഷോഭകരെ വൈകീട്ട് ആറുമണിയോടെ വളയുമെന്നും പ്രദേശവാസികള്‍ സ്ഥലം വിടണമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഗതാഗതം നിലച്ചു.

പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി തക്ഷിന്‍ ഷിനാവത്രയെ അനുകൂലിക്കുന്ന ചെങ്കുപ്പായക്കാരെ തലസ്ഥാനത്തു നിന്ന് പുറന്തള്ളുന്നതിന് സൈനിക പിന്തുണയുള്ള സര്‍ക്കാര്‍ നിരവധി നടപടികള്‍ എടുത്തിരുന്നെങ്കിലും എല്ലാം പരാജയമായിരുന്നു. തുടര്‍ന്നാണ് ബലം പ്രയോഗിച്ച് പ്രക്ഷോഭകരെ നീക്കം ചെയ്യാന്‍ പ്രധാനമന്ത്രി അഭിസിത് വെജ്ജാജിവ ഉത്തരവിട്ടത്.