Home » » പൃഥ്വിരാജ് ഇനി കുളിക്കില്ല. പുറം‌ലോകം കാണുകയുമില്ല

പൃഥ്വിരാജ് ഇനി കുളിക്കില്ല. പുറം‌ലോകം കാണുകയുമില്ല

യുവ സൂപ്പര്‍താരം പൃഥ്വിരാജ് ഇനി കുളിക്കില്ല. പുറം‌ലോകം കാണുകയുമില്ല. പൃഥ്വിക്ക് എന്താണ് പറ്റിയതെന്ന് ആലോചിച്ച് തല കേടാക്കുകയാണോ? പ്രത്യേകിച്ച് ഒന്നും പറ്റിയിട്ടില്ല. ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിയുടെ കഥാപാത്രം ഇങ്ങനെ ഒരാളാണ്. വര്‍ഷങ്ങളോളം പുറം‌ലോകം കാണാതെയും കുളിക്കാതെയും ജീവിക്കുന്ന ഒരാള്‍!ഗള്‍ഫിലെ മരുഭൂമികളിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. നജീബ് എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മരുഭൂമിയില്‍ അയാള്‍ക്ക് ആടുമേയ്ക്കലാണ് ജോലി. അറബികളുടെ ആട്ടും‌തുപ്പുമേറ്റ് ആടുകളുടെ ഇടയില്‍ ഒരു ജീവിതം. ശരിയായ ഭക്ഷണമില്ല, കിടക്കാനൊരു സ്ഥലമില്ല. മിക്കപ്പോഴും കുടിക്കാന്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥ. ആടുകള്‍ക്ക് ആഹാരം കൊടുക്കുകയും പാല്‍ കറക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് പൊള്ളുന്ന മണലാരണ്യത്തില്‍ അയാള്‍ ജീവിക്കുന്നു. രക്ഷപ്പെടാമെന്നു വച്ചാല്‍, അറബികളുടെ കണ്ണുവെട്ടിച്ച് അത് സാധ്യവുമല്ല.പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ എഴുതിയ ‘ആടുജീവിതം’ എന്ന നോവലിനെ അധികരിച്ചാണ് ബ്ലെസി ഈ ചിത്രം തയ്യാറാക്കുന്നത്. ഈ നോവലിനാണ് ഇത്തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ലാല്‍ ജോസ് ഈ നോവല്‍ സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ‘അറബിക്കഥ’ ഒരിക്കല്‍ പറഞ്ഞതിനാലാവണം ലാല്‍ ജോസ് പിന്‍‌മാറിയത്. എന്തായാലും ബ്ലെസി ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പൂര്‍ണമായും ഗള്‍ഫ് മരുഭൂമികളില്‍ ചിത്രീകരിക്കുന്ന ഈ സിനിമ ഓഗസ്റ്റ് ആദ്യവാരത്തോടെ ആരംഭിക്കാനാണ് ബ്ലെസി ആലോചിക്കുന്നത്. കാഴ്ച, തന്‍‌മാത്ര, പളുങ്ക്, കല്‍ക്കട്ട ന്യൂസ്, ഭ്രമരം എന്നിവയ്ക്കു ശേഷമെത്തുന്ന ബ്ലെസിച്ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയാണ് മലയാള സിനിമാലോകം ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

film,news,songs,blessy