Home » » വധശിക്ഷ ഉടന്‍ നടപ്പാക്കണം;പക്ഷേ, ആരാച്ചാര്‍ എവിടെ?

വധശിക്ഷ ഉടന്‍ നടപ്പാക്കണം;പക്ഷേ, ആരാച്ചാര്‍ എവിടെ?

മുംബൈ: മുംബൈയില്‍ നിരപരാധികളെ നിര്‍ദാക്ഷിണ്യം വെടിവച്ചു വീഴ്‌ത്തിയ പാക്‌ ഭീകരന്‍ അജ്‌മല്‍ അമീര്‍ കസബിനെ ആര്‌ തൂക്കിക്കൊല്ലും?. പ്രത്യേക കോടതി വധശിക്ഷ വിധിച്ചെങ്കിലും വിധിനടപ്പാക്കാന്‍ ഏറെ സമയമെടുക്കുമെന്നതും യാഥാര്‍ത്ഥ്യം. എന്നാല്‍ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ കുഴയും. മഹാരാഷ്‌ട്രയില്‍ ആരാച്ചാര്‍ ഇല്ല. ഡല്‍ഹിയിലെ തീഹാര്‍ ജയിലിലും ആരാച്ചാര്‍ ഇല്ല. ഇവിടെ അവസാന വധശിക്ഷ നടന്നത്‌ 1989ലാണ്‌. അവസാനമായി വധശിക്ഷ നടപ്പാക്കിയത്‌ 2004 ല്‍ പശ്‌ചിമ ബംഗാളിലാണ്‌ . 'ഞങ്ങള്‍ മറ്റു ജയിലുകളില്‍ നിന്ന്‌ ആരാച്ചാരെ കടംവാങ്ങുകയാണ്‌ പതിവ്‌ . ആരെയും ലഭിച്ചില്ലെങ്കില്‍ കോണ്‍സ്‌റ്റബിളിന്‌ മുകളില്‍ സ്‌ഥാനമുളള ഏതു പോലീസ്‌ ഓഫീസര്‍ക്കും ആരാച്ചാരാകാം' തീഹാര്‍ ജയില്‍ അധികൃതര്‍ പറഞ്ഞു. ബംഗാളില്‍ വധശിക്ഷ നടപ്പാക്കിയത്‌ 87 വയസ്‌ പ്രായമുള്ള നതാ മുള്ളിക്ക്‌ ആണ്‌ . ഇദ്ദേഹത്തിന്റെ പിതാവ്‌ ഷിബല്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ആരാച്ചാരായിരുന്നു. അഞ്ചടി നാലിഞ്ചിലേറെ ഉയരമുളള പുരുഷന്മാര്‍ക്ക്‌ ആരാച്ചാര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. ഒരാളെ തൂക്കിക്കൊല്ലുന്നതിന്‌ 150 മുതല്‍ 200 രൂപവരെയാണ്‌ പ്രതിഫലം. ഇതു മൂലം ആരാച്ചാര്‍ ആകാന്‍ തയാറാകുന്നവര്‍ ചുരുക്കം. സ്വാഭാവികമായും രാജ്യത്തെ മിക്കവാറും എല്ലാ ജയിലുകളിലും ആരാച്ചാര്‍ തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു.