Home » » സിംബാബ്‌വെയും ഇന്ത്യയെ തോല്പിച്ചു

സിംബാബ്‌വെയും ഇന്ത്യയെ തോല്പിച്ചു

ബുലവായോ: ട്വന്റി20 ലോകകപ്പിനു പിന്നാലെ ദുര്‍ബലരായ സിംബാബ്‌വെയോട് തോറ്റെന്ന നാണക്കേടും ടീം ഇന്ത്യക്ക്. സിംബാബ്‌വെയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ആതിഥേയരോട് ആറു വിക്കറ്റിന് പരാജയപ്പെട്ടു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മധ്യനിരക്കാരന്‍ രോഹിത് ശര്‍മ(114)യുടെ കന്നി ഏകദിന സെഞ്ച്വറിയുടെ ബലത്തില്‍ സിംബാബ്‌വെയ്ക്കു മുന്നില്‍ 286 റണ്‍സിന്റെ വിജയലക്ഷ്യം വെച്ചിട്ടും തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 5ന് 285; സിംബാബ്‌വെ 48.2 ഓവറില്‍ 4ന്289. 81 റണ്‍സെടുത്ത സിംബാബ്‌വെ ഓപ്പണര്‍ ബ്രെണ്ടന്‍ ടെയ്‌ലറാണ് കളിയിലെ താരം.ടോസ് നേടി ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് മധ്യഘട്ടത്തില്‍ സ്‌കോറിങ്ങിന് വേഗമേറ്റാനായില്ലെങ്കിലും അവസാന ഓവറുകളില്‍ റണ്ണൊഴുകി. അവസാന 46 പന്തില്‍ 92 റണ്‍സ് നേടിയ ഇന്ത്യ അനായാസ വിജയം നേടുമെന്നാണ് തോന്നിച്ചതെങ്കിലും സിംബാബ്‌വെക്കാര്‍ ഇന്ത്യയുടെ ദുര്‍ബലമായ ബൗളിങ് ശരിക്കും മുതലെടുത്തു. ശര്‍മയുടെ സെഞ്ച്വറിക്കുപുറമെ രവീന്ദ്ര ജഡേജ പുറത്താവാതെ നേടിയ അര്‍ധശതകവും (61 പന്തില്‍ 61) ഇന്ത്യന്‍ ടോട്ടലിന് കരുത്തായി. അഞ്ചാം വിക്കറ്റില്‍ ശര്‍മയും ജഡേജയും ചേര്‍ന്ന് 17.5 ഓവറില്‍ 132 റണ്‍സ് വാരിയാണ് ടീമിനെ ശക്തമായ നിലയിലെത്തിച്ചത്. ഇന്ത്യയുടെ ആക്രമണനിര തീര്‍ത്തും നിറംമങ്ങിയതാണ് തോല്‍വിക്ക് കാരണം. ബൗളിങ് ഓപ്പണ്‍ ചെയ്ത ഡിന്‍ഡയ്ക്കും വിനയ്കുമാറിനും സിംബാബ്‌വെ ഓപ്പണര്‍മാര്‍ക്ക് കടിഞ്ഞാണിടാനായില്ല. മീഡിയം പേസര്‍ ഉമേഷ് യാദവും നിരാശപ്പെടുത്തി. സ്​പിന്നര്‍മാരായ ജഡേജയും അമിത് മിശ്രയും മാത്രമാണ് അധികം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഓപ്പണിങ് വിക്കറ്റില്‍ 13 ഓവറില്‍ 88 റണ്‍സ് വാരി അവര്‍ നല്ല തുടക്കം കുറിച്ചു. ഈ തുടക്കം മുതലെടുത്ത് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ വിജയം പിടിച്ചെടുക്കുകയും ചെയ്തു. ആതിഥേയര്‍ക്കു വേണ്ടി ക്രെയ്ഗ് എര്‍വിന്‍ പുറത്താവാതെ 67 റണ്‍സെടുത്തു. ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച ശ്രീലങ്കയെ നേരിടും.