Home » » മാണി-ജോസഫ് ലയനം 27ന്; പാര്‍ട്ടി ചെയര്‍മാനും ലീഡറും മാണി

മാണി-ജോസഫ് ലയനം 27ന്; പാര്‍ട്ടി ചെയര്‍മാനും ലീഡറും മാണി

കോട്ടയം: മാണി-ജോസഫ് ഗ്രൂപ്പ് ലയനം ഈമാസം 27ന് കോട്ടയത്ത് നടക്കുമെന്ന് കെ.എം. മാണിയും പി.ജെ. ജോസഫും സംയുക്തമായി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇരു കേരള കോണ്‍ഗ്രസുകളും ഐക്യപ്പെടുന്നതിന് മുന്നോടിയായി നടന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി 111 അംഗ ഹൈപ്പവര്‍ കമ്മിറ്റിക്ക് ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ വെവ്വേറെ യോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയതായും നേതാക്കള്‍ അറിയിച്ചു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന കമ്മിറ്റി സംയുക്തമായി ചേര്‍ന്ന് ഐക്യ ഫോര്‍മുല അംഗീകരിക്കാന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് 27ന് മുമ്പ് നടക്കും. ഐക്യ കേരള കോണ്‍ഗ്രസ് ഭാരവാഹികളെയും മാണി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാനും നിയമസഭാകക്ഷിനേതാവും മാണിതന്നെയാണ്. പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനാണ്. ഇപ്പോഴത്തെ മാണി ഗ്രൂപ്പ് ചെയര്‍മാന്‍ സി.എഫ്. തോമസ് ഡെ. ചെയര്‍മാനാകും. ഈപ്പന്‍ വര്‍ഗീസ്, ഡോ. കെ.സി. ജോസഫ്, ടി.യു. കുരുവിള എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരായിരിക്കും. പി.സി. ജോര്‍ജ് വൈസ് ചെയര്‍മാനായി തുടരും. പുറമെ കെ. നാരായണക്കുറുപ്പ്, വി.ടി. സെബാസ്റ്റ്യന്‍, ടി.എസ്. ജോണ്‍ എന്നിവര്‍ അംഗങ്ങളായി ഉപദേശക സമിതിയും രൂപവത്കരിച്ചു.
മുന്‍ എം.എല്‍.എ തോമസ് ജോസഫ് ട്രഷററായിരിക്കും. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലാ പ്രസിഡന്റുമാര്‍ ജോസഫ് ഗ്രൂപ്പിനാണ്. കെ.എസ്.സി, വനിതാ കോണ്‍ഗ്രസ്, അധ്യാപക സംഘടന എന്നീ പോഷക സംഘടനകളുടെ പ്രസിഡന്റ് പദവും ജോസഫിന് ലഭിക്കും. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന ജന. സെക്രട്ടറിമാര്‍ ഭാരവാഹികളായി തുടരും. കൂടുതലായി നോമിനേറ്റ് ചെയ്യേണ്ടവരെ 27ന് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ വിശദീകരിച്ചു. ഭേദഗതി ചെയ്ത ഭരണഘടന പ്രകാരമായിരിക്കും ഐക്യകേരള കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയെന്നും നേതാക്കള്‍ വ്യക്തമാക്കി. ഉടന്‍ അഡ്ഹോക്ക് ഭരണഘടന തുടര്‍ന്ന് അസംബ്ലി ഇലക്ഷന് മുമ്പ് സ്ഥിരം ഭരണഘടനയും നിലവില്‍വരും