കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പില്‍ ലയിച്ച് യു.ഡി.എഫില്‍ ചേക്കേറാനുള്ള പി.ജെ. ജോസഫിന്റെ നീക്കത്തെ എതിര്‍ത്ത് ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രംഗത്ത്. മെയ് അഞ്ചിന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പിക്കറ്റിങ്ങിന് മുന്നോടിയായി വ്യാഴാഴ്ച ചേര്‍ന്ന ജില്ലയിലെ 59 മണ്ഡലം കമ്മിറ്റി യോഗങ്ങളിലും ജോസഫ്-മാണി ലയനം തന്നെയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. എതിര്‍പ്പ് കെ.പി.സി.സി. നേതൃത്വത്തെ അറിയിക്കണമെന്നാണ് തീരുമാനം. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും യോഗത്തില്‍ ഈ വികാരം പ്രകടിപ്പിക്കും.
പി.ജെ. ജോസഫിനെതിരെ ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ സജീവമായി നിര്‍ത്താനും അതിന് ശക്തമായ പ്രചാരണം നല്‍കാനും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പ്ലസ് ടു സമരത്തിന്റെ ഓര്‍മ്മകള്‍ കുത്തിയിളക്കി യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ തീവ്രത കൂട്ടാനും നീക്കമുണ്ട്. എന്നാല്‍, ജോസഫിനൊപ്പം ഒറ്റക്കെട്ടായി നിന്ന് ലയനശേഷം പ്രതികരിക്കാമെന്ന തന്ത്രപരമായ നിലപാടാണ് കേരള കോണ്‍ഗ്രസ്സിലെ പ്രാദേശിക നേതാക്കള്‍ക്കുള്ളത്.ജോസഫ്-മാണി ലയനം യാഥാര്‍ത്ഥ്യമായാല്‍ തൊടുപുഴ അസംബ്ലി മണ്ഡലത്തില്‍ ആരു മത്സരിക്കുമെന്ന ചോദ്യമാണ് ജില്ല യു.ഡി.എഫിലെ ആശയക്കുഴപ്പങ്ങളുടെ ഉറവിടം. സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് കെ.പി.സി.സി. നേതൃത്വം പറയുന്നുണ്ടെങ്കിലും പ്രാദേശിക നേതാക്കള്‍ക്ക് വിശ്വാസം പോര. തദ്ദേശ ഭരണസ്ഥപനങ്ങളിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കാന്‍ അഞ്ച് മാസം മാത്രം ബാക്കിനില്‍ക്കെ ഭരണമാറ്റം സംബന്ധിച്ച ആശങ്കകള്‍ ഇരു മുന്നണിക്കുമില്ല. ഒക്ടോബര്‍ രണ്ടിന് പുതിയ ഭരണസമിതി അധികാരത്തിലേറണം. എന്നാല്‍ മാണി-ജോസഫ് ലയനം യാഥാര്‍ത്ഥ്യമായാല്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ച യു.ഡി.എഫിന് കീറാമുട്ടിയാകും. സ്വതവേ വിമതശല്യം കൂടുതലുള്ള യു.ഡി.എഫിന് ജോസഫിന്റെയും കൂട്ടരുടെയും വരവ് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
ജോസഫ് ഗ്രൂപ്പിന്റെ ശക്തികേന്ദ്രങ്ങളായി കരുതുന്ന തൊടുപുഴ താലൂക്കിലെ പല പഞ്ചായത്തുകളിലും ത്രികോണ മത്സരത്തിനോ സൗഹൃദ പോരാട്ടത്തിനോ കളമൊരുങ്ങും.ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയില്‍ നിന്ന് പടിയിറങ്ങിയാല്‍ തൊടുപുഴ താലൂക്കിലായിരിക്കും ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി താലൂക്കുകളില്‍ നിന്ന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നാമമാത്രമായ ജനപ്രതിനിധികള്‍ മാത്രമാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. മലയോര മേഖലയില്‍ ഡി.ഐ.സി. അംഗങ്ങളായിരുന്നവര്‍ ജോസഫ് ഗ്രൂപ്പില്‍ ചേക്കേറിയിട്ടുണ്ട്. ഇവരുടെ നിലപാടുകള്‍ നിലവിലെ ഭരണസമിതിയിലോ വരുന്ന തിരഞ്ഞെടുപ്പിലോ ബാധിക്കാനിടയില്ല. സഹകരണ സംഘങ്ങളിലും ജോസഫ്ഗ്രൂപ്പിന് നാമമാത്രമായ പ്രതിനിധികളാണുള്ളത്.ജില്ലാപഞ്ചായത്ത് ഡിവിഷനിലെ 16 സീറ്റുകളില്‍ ജോസഫ് വിഭാഗത്തിന് മൂന്ന് അംഗങ്ങളാണുള്ളത്. സി.പി.എമ്മിന് ആറും സി.പി.ഐ. ക്ക് നാലും പ്രതിനിധികള്‍ ഉള്ളതിനാല്‍ ജോസഫിന്റെ വേര്‍പിരിയല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള തൊടുപുഴ നഗരസഭയിലും ജോസഫ്-മാണി ലയനം പ്രശ്‌നമാകില്ല. തൊടുപുഴ താലൂക്കിലെ ഇളംദേശം, തൊടുപുഴ ബ്ലോക്കുകള്‍ ഭരിക്കുന്നത് കേരള കോണ്‍ഗ്രസ് (ജെ) പ്രതിനിധികളാണ്. മുന്നണി മാറിയാലും യു.ഡി.എഫിലെ ഘടകക്ഷികളെ കൂട്ടുപിടിച്ച് ഇവിടെ ഭരണം നിലനിര്‍ത്താം.കട്ടപ്പന, ഇരട്ടയാര്‍, കാഞ്ചിയാര്‍, തൊടുപുഴ താലൂക്കിലെ ഇടവെട്ടി, കോടിക്കുളം, ആലക്കോട് പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്താന്‍ ജോസഫ് ഗ്രൂപ്പിന്റെ പിന്തുണ എല്‍.ഡി.എഫിന് കൂടിയേ തീരു. കരിങ്കുന്നം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് (ജെ) യ്ക്കാണ് പ്രസിഡന്റ്സ്ഥാനം. ആകെയുള്ള 12 സീറ്റുകളില്‍ 6 ഉം ജോസഫ്ഗ്രൂപ്പ് പ്രതിനിധികളായതിനാല്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വരില്ല. ജില്ലയിലെ പല സഹകരണ സംഘങ്ങളിലും ജോസഫ് ഗ്രൂപ്പിന് പ്രതിനിധികളുണ്ടെങ്കിലും ഭരണസമിതിയില്‍ നിര്‍ണായക പ്രാതിനിധ്യമില്ല. ചില സംഘങ്ങളില്‍ പ്രസിഡന്റ്സ്ഥാനത്തിരിക്കുന്ന ജോസഫ് ഗ്രൂപ്പുകാര്‍ക്ക് ലയനശേഷം സ്ഥാനമൊഴിയേണ്ടിവരും.
തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ലയനശേഷമുള്ള സ്ഥിതിയ്ക്കനുസരിച്ച് പ്രതികരിച്ചാല്‍ മതിയെന്നാണ് ജോസഫ് ഗ്രൂപ്പുകാരുടെ തീരുമാനം. മാണിഗ്രൂപ്പില്‍ ലയിക്കുന്നതിനെ എതിര്‍ക്കുന്ന പി.സി. തോമസ് വിഭാഗത്തിന് ജില്ലയില്‍ കാര്യമായ സ്വാധീനമില്ല. ഇവരെ പിന്തുണച്ച് പരസ്യമായി ഇതുവരെ ജോസഫ് ഗ്രൂപ്പിലെ പ്രാദേശിക നേതാക്കള്‍ രംഗത്ത് വന്നിട്ടുമില്ല. യു.ഡി.എഫില്‍ പോകാന്‍ താല്പര്യമില്ലാത്ത താഴേതട്ടിലുള്ള പ്രവര്‍ത്തകര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയുണ്ട്.
