Home » » വിമാനദുരന്തം: പലരുടേയും പാസ്‌പോര്‍ട്ടുകള്‍ വ്യാജം

വിമാനദുരന്തം: പലരുടേയും പാസ്‌പോര്‍ട്ടുകള്‍ വ്യാജം

മംഗലാപുരം വിമാന ദുരന്തത്തില്‍ കാസര്‍ഗോഡ്‌ പാസ്‌പോര്‍ട്ട്‌ വില്ലനാകുന്നു.കാസര്‍ഗോഡ്‌ പാസ്‌പോര്‍ട്ട്‌ എന്നറിയപ്പെടുന്ന വ്യാജ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ നാട്ടിലേക്ക്‌ ആളെ കയറ്റിവിടുന്ന ഏജന്‍സികള്‍ ദുബായിലും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്‌.ഗള്‍ഫ്‌ നാടുകളില്‍നിന്നും യഥാര്‍ത്ഥ യാത്രാ രേഖകള്‍ ഇല്ലാതെ നിരവധിയാത്രക്കാരാണ്‌ മംഗലാപുരം വഴി നാട്ടിലെത്തുന്നത്‌.

മംഗലാപുരത്ത്‌ ദുരന്തത്തില്‍പ്പെട്ട വിമാനത്തിലും ഇത്തരം യാത്രക്കാര്‍ ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ദുരന്തത്തില്‍പ്പെട്ട 22 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഒരാളുടെമേല്‍ മൂന്നു കുടുംബങ്ങള്‍വരെ അവകാശവാദം ഉന്നയിച്ചിരിക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ മംഗലാപുരം വെന്‍ലോക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഡി എന്‍ എ പരിശോധനക്കു ശേഷമേ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ്‌ കാസര്‍ഗോഡ്‌ പാസ്‌പോര്‍ട്ട്‌ അധികൃതരെ കുഴക്കുന്നത്‌.

പാസ്‌പോര്‍ട്ടിലെ ഫോട്ടോമാറ്റി യാത്രചെയ്യുന്ന ആളുടെ ചിത്രം ചേര്‍ത്താണ്‌ കാസര്‍ഗോഡ്‌ പാസ്‌പോര്‍ട്ട്‌ തയ്യാറാക്കുന്നത്‌. പേരും മറ്റുവിവരങ്ങളും യാത്ര ചെയ്യുന്ന ആളുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. ആള്‍ നാട്ടിലെത്തിക്കഴിഞ്ഞാല്‍ ഏജന്‍സിയെ വിവരം അറിയിക്കുന്നു. നാട്ടിലെ ഏജന്റ്‌ വന്ന്‌ പാസ്‌പോര്‍ട്ടും മറ്റു രേഖകളും മടക്കിവാങ്ങും. അങ്ങനെ ഒരേ പാസ്‌പോര്‍ട്ട്‌ രേഖകള്‍ ഉപയോഗിച്ച്‌ നിരവധിയാളുകളാണ്‌ യാത്ര ചെയ്യുന്നത്‌. നെടുമ്പാശ്ശേരിയിലും കോഴിക്കോട്ടും മതിയായ രേഖകള്‍ ഇല്ലാതെ പിടിയിലാകുന്ന യാത്രക്കാരുടെ പക്കല്‍നിന്നും പിടിച്ചെടുത്തതില്‍ അധികവും കാസര്‍ഗോഡ്‌ പാസ്‌പോര്‍ട്ടുകളായിരുന്നു. യാത്രാ രേഖകളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളുടെ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ചാണ്‌ ആളെ തിരിച്ചറിയാനുള്ള പരിശോധന നടത്തുത്‌. രേഖകള്‍ വ്യാജമാകുന്ന സാഹചര്യം ഉണ്ടായാല്‍ പരിശോധന പരാജയമാകും. വിമാനത്താവളങ്ങളിലെ സുരക്ഷകളെയും അഴിമതികളെയും സംബന്ധിക്കുന്ന ആശങ്കകളിലേക്കാണ്‌ ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്‌.